റിലയന്‍സ് ജിയോയുടെ രംഗപ്രവേശത്തോടെ അടികിട്ടിയത് ഉപയോക്താക്കളെ ചൂഷണം ചെയ്ത് വന്‍ലാഭം നേടിയിരുന്ന ടെലികോം കമ്പനികള്‍ക്കാണ്. ജിയോ ഒഴികെ ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് മുന്നോട്ടു നീങ്ങുന്നത്. പിടിച്ചു നില്‍ക്കാനായി ചിലര്‍ ഒന്നിച്ചെങ്കിലും വലിയ ലാഭമുണ്ടാക്കാനായില്ല. ചില കമ്പനികള്‍ ഇതിനോടകം പൂട്ടിക്കെട്ടുകയും ചെയ്തു. അടുത്ത ആറുമാസത്തിനുള്ളില്‍ ടെലികോം മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടം സംഭവിക്കുമെന്നാണ് കണക്കുകള്‍ പ്രവചിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ടെലികോം മേഖലയ്ക്ക് കോടികളുടെ നഷ്ടമാകും ഉണ്ടാകുക.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അതിവേഗം വളര്‍ന്നുവന്ന ടെലികോം മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മുന്‍നിര ടെലികോം കമ്പനികള്‍ പിരിച്ചുവിട്ടതും പിരിഞ്ഞു പോയതുമായ ജീവനക്കാരുടെ കണക്കെടുത്താല്‍ ഞെട്ടും. കാരണം ഓരോ മാസവും ആയിരക്കണക്കിന് ജീവനക്കാരെയാണ് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓരോ കമ്പനിയും പിരിച്ചുവിടുന്നത്. റിലയന്‍സ് ജിയോ വന്നതിനു ശേഷം 2017 ല്‍ മാത്രം ടെലികോം മേഖലയില്‍ നിന്ന് ഏകദേശം 40,000 പേരെ പിരിച്ചുവിട്ടു. വോഡഫോണും ഐഡിയയും ഒന്നിച്ചതോടെ 65,000 പേരെ പിരിച്ചുവിടാനും പോകുകയാണ്.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ടെലികോം വിപണിയില്‍ 50000 മുതല്‍ 90000 പേര്‍ക്ക് വരെ തൊഴില്‍ നഷ്ടമായേക്കുമെന്നാണ് സൂചനകള്‍. ഉപഭോക്താക്കള്‍ക്ക് അവിശ്വസനീയമായ ഓഫറുകള്‍ നല്‍കി വിപണി പിടിച്ചെടുക്കുന്ന തന്ത്രവുമായി റിലയന്‍സ് ജിയോ വന്നതോടെയാണ് മറ്റു കമ്പനികള്‍ തകര്‍ന്നത്. ടെലികോം മേഖലയില്‍ കമ്പനികളുടെ ചിലവിന്റെ 4-5 ശതമാനം ജീവനക്കാര്‍ക്കു വേണ്ടിയുള്ളതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജീവനക്കാര്‍ക്കായുള്ള ചിലവുകളില്‍ കമ്പനികള്‍ കുറവുവരുത്തിയെങ്കില്‍ ഇപ്പോള്‍ പിരിച്ചുവിടലുകളും ആരംഭിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ ഒരു വര്‍ഷം മുന്‍പുണ്ടായിരുന്നതിന്റെ 75 ശതമാനം മാത്രം ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. വൈകാതെ മേഖലയിലെ പിരിച്ചുവിടലുകള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും ആശങ്കയുണ്ട്.
ഒരു വര്‍ഷം മുമ്പ് ടെലികോം മേഖലയിലുണ്ടായിരുന്ന മൂന്ന് ലക്ഷം തൊഴിലാളികളില്‍ 25 ശതമാനത്തിനും ഇപ്പോള്‍ ജോലി നഷ്ടമായെന്നാണ്. വലിയ മുന്നറിയിപ്പൊന്നുമില്ലാതെ മൂന്നോ ആറോ മാസത്തെ സാവകാശവും ശമ്പളവും പരമാവധി നല്‍കിക്കൊണ്ടാണ് പിരിച്ചുവിടല്‍ നടക്കുന്നത്. പലയിടത്തും ഈ സാവകാശവും നല്‍കിയിട്ടില്ല. സ്വകാര്യ മേഖലയിലായതിനാല്‍ കാര്യമായ പ്രതികരണങ്ങളും പിരിച്ചുവിടലിനെതിരേ ഉണ്ടായിട്ടില്ല.
പിരിച്ചുവിടപ്പെട്ടവരില്‍ 25-30 ശതമാനവും മിഡില്‍ ലെവല്‍ മാനേജര്‍മാരാണ്. താഴേ തട്ടിലുള്ളവരേക്കാള്‍ മധ്യവര്‍ഗ്ഗത്തിലും മേല്‍തട്ടിലും പണിയെടുത്തിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ഏറെ ദോഷകരമായി ബാധിച്ചത്. കരിയറിന്റെ തുടക്കത്തിലുള്ളവര്‍ മറ്റു മേഖലയിലേക്ക് തൊഴില്‍ തേടി പോയപ്പോള്‍ ടെലികോം മേഖലയില്‍ മാത്രമായി വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ളവര്‍ തങ്ങളുടെ മുന്‍ ജോലിക്ക് അനുസരിച്ചുള്ള ജോലി ലഭിക്കാനാകാതെ നട്ടം തിരിയുകയാണ്.
ഏകദേശം അഞ്ച് ലക്ഷം കോടി രൂപ കടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ടെലികോം മേഖല ആകെ തന്നെ മുങ്ങുന്ന കപ്പലാണെന്ന മുന്നറിയിപ്പുമുണ്ട്. ജിയോയുടെ രംഗപ്രവേശത്തോടെ പ്രതിസന്ധിയിലായ മുന്‍നിര കമ്പനികള്‍ തന്നെ പിടിച്ചു നില്‍ക്കാനായി പെടാപാട് പെടുകയാണ്. വലിയ കമ്പനികള്‍ പ്രതിസന്ധി മറികടക്കാനായി ഒന്നാകുമ്പോള്‍ പലപ്പോഴും തിരിച്ചടിയാകുന്നത് തൊഴിലാളികള്‍ക്ക് കൂടിയാണ്. ചിലവ് വെട്ടിച്ചുരുക്കുകയെന്ന പേരില്‍ പുതിയ കമ്പനികള്‍ ആദ്യം ചെയ്യുക തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാകും. പത്തും പതിനഞ്ചും വര്‍ഷമായി ജോലി ചെയ്തു വന്നിരുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.