കൽപ്പറ്റ: കണ്ണൂർ സെന്റട്രൽ ജയിലിലും നിരാഹാര സമരം തുടർന്ന തൊവരിമല ഭൂസമര സമിതി കണ്‍വീനറും അഖിലേന്ത്യാ ക്രാന്തികാരി കിസാൻ സഭ സംസ്ഥാന സെക്രട്ടറിയുമായ എം.പി. കുഞ്ഞിക്കണാരനെ ആരോഗ്യനില വഷളായതുമൂലം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
കുഞ്ഞിക്കണാരനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭൂസമര സമിതി വയനാട് കളക്ടറേറ്റ് പടിക്കലെ സത്യഗ്രപ്പന്തലിൽ റിലേ നിരാഹാര സമരം തുടരുകയാണ്. ഭൂസമര സമിതി ജില്ലാ കണ്‍വീനർ അന്പലവയൽ പെരുന്പാടിക്കുന്ന് ആദിവാസി കോളനിയിലെ പി. വെളിയനാണ് ഇന്നലെ സമരം ആരംഭിച്ചത്.
തൊവരിമലയിൽനിന്നു വനം-പോലീസ് സേന ഒഴിപ്പിച്ച ഭൂരഹിത ആദിവാസി-ദളിത് കുടുംബങ്ങൾ അഖിലേന്ത്യാ കിസാൻ ക്രാന്തികാരി സഭ, ആദിവാസി ഭാരത് മഹാസഭ എന്നിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം തുടരുകയാണ്.
24നു രാത്രിയാണ് സമരം തുടങ്ങിയത്. തോട്ടം ഉടമകളുടെ അനധികൃത കൈവശത്തിലുള്ള ഭൂമി പിടിച്ചെടുത്തു ഭൂരഹിതർക്കു വിതരണം ചെയ്യുക, റിമാൻഡിലുള്ള സമരസമിതി നേതാക്കളെ കേസ് പിൻവലിച്ച് വിട്ടയ്ക്കുക എന്നിവയാണ് സമരാവശ്യങ്ങളിൽ മുഖ്യം.