കൊല്ലം: ആഗോള തൊഴില്‍ കമ്പോളത്തില്‍ ഉയര്‍ന്ന തൊഴില്‍ നൈപുണ്യമുള്ളവരെ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാന ചടങ്ങും ഓഫര്‍ ലെറ്റര്‍ കൈമാറുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ആദ്യ ബാച്ചുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 54 വിദ്യാര്‍ഥികളില്‍ 42 പേര്‍ക്കും ജോലിക്ക് അവസരം ലഭിച്ചത് ശുഭസൂചനയാണ്. 12 പേര് ഉപരിപഠനം കാരണമാണ് ജോലിയില്‍ പ്രവേശിക്കാത്തത്.നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട ഏഴ് കോഴ്സുകളാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയത്. ഇതില്‍ നാല് ടെക്നിക്കല്‍ കോഴ്സുകളും ഒരു മാനേജീരിയല്‍ കോഴ്സും പൂര്‍ത്തിയായി. മാനേജീരിയല്‍ കോഴ്സില്‍ പഠിക്കുന്ന 110 പേര്‍ക്ക് മികച്ച പ്ലെയിസ്മെന്റ് ലഭിക്കുമെന്ന് ഉറപ്പുണ്ട്.
2020 ജനുവരിയോടെ ഇന്‍സ്റ്റിറ്റ്യൂട്ട് കൂടുതല്‍ കോഴ്സുകള്‍ ആരംഭിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. നിര്‍മാണ മേഖലയ്ക്കൊപ്പം സേവന മേഖലയിലെ അവസരങ്ങള്‍ കൂടി ഉദേ്യാഗാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലുള്ള കോഴ്സുകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുകയെന്നും മന്ത്രി പറഞ്ഞു.
ജൂലൈ മാസം ഫെസിലിറ്റി മാനേജ്മെന്റ് ഉള്‍പ്പെടെ ഒമ്പത് മാനേജീരിയല്‍ കോഴ്സുകളും ആറ് ടെക്നിക്കല്‍ കോഴ്സുകളും മൂന്ന് സൂപ്പര്‍വൈസറി കോഴ്സുകളും തുടങ്ങും. ഫെസിലിറ്റി മാനേജ്മെന്റ് കോഴ്സുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്മെന്റ് ഏജന്‍സിയുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
നിലവിലുള്ള സാഹചര്യത്തില്‍ സേവനരംഗത്ത് ലോകത്താകമാനമുള്ള ജോലി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇത് സഹായിക്കും. തൊഴില്‍സാധ്യതകളുള്ള പുതിയ കോഴ്സുകള്‍ കണ്ടെത്തി അവ ആരംഭിക്കാന്‍ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സ്ലന്‍സും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരും മുന്‍കൈയെടുക്കണം.
ഇതിനാവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്‍ വിജയന് പിള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡീഷ്ണല്‍ ചീഫ് സെക്രട്ടറി ഡോ ആശാ തോമസ്, ചിത്രാ പ്രസാദ്, ജി ബാലു, എസ് ഷാജു, രമേശ് പാലേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.