വൈപ്പിൻ: സിഐടിയുവിന്റെ നേതൃത്വത്തിൽ വളരെയേറെ വിവാദമുയർത്തിയ വൈപ്പിൻ കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിലെ എ ആൻഡ് എ ഗ്യാസ് ഏജൻസിയിലെ തൊഴിൽ തർക്കത്തിൽ സർക്കാർ ഇടപെടുന്നു.
ഇതിന്റെ ഭാഗമായി നാളെ രാവിലെ 11.30ന് ജില്ലാ ലേബർ ഓഫീസർ ഇരുവിഭാഗത്തെയും ചർച്ചയ്ക്ക് ക്ഷണിച്ചു. വ്യവസായ മന്ത്രിയുടെ ആവശ്യപ്രകാരം വ്യവസായ കേന്ദ്രം ജില്ലാ ഓഫീസർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
തൊഴിൽ തർക്കത്തിന്റെ പേരിൽ സിഐടിയു നേതാക്കൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും കൈയേറ്റം ചെയ്തെന്നും ആരോപിച്ച് പട്ടികജാതി വനിതാ സംരംഭകയായ ഏജൻസി ഉടമ ഉമ സുധീർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസിന്റെ അന്വേഷണം പുരോഗിക്കുകയാണ്.
കേസന്വേഷിക്കുന്ന മുനന്പം ഡിവൈഎസ്പി എം.കെ. മുരളി പരാതിക്കാരിയിൽനിന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാരിൽ നിന്നുമൊക്കെ മൊഴിയെടുത്തിട്ടുണ്ട്.
കുറച്ചുനാൾ മുന്പ് മറ്റൊരു ഗ്യാസ് ഏജൻസിയുടെ കുറച്ചു ഭാഗത്തെ സിലിണ്ടർ വിതരണം താൽകാലികമായി തങ്ങൾ ഏറ്റെടുത്ത സമയത്ത് താൽകാലികമായി നാലു ജീവനക്കാരെ നിയമിച്ചിരുന്നു.
ഇടക്കാലത്ത് ഇത് നിർത്തിയതോടെ താൽകാലികമായി നിയമിച്ചവർക്ക് ജോലി ഇല്ലാതായി. യാഥാർഥ്യമിതാണെന്നാണ് ഏജൻസിയുടെ ഭാഷ്യം.
അതേ സമയം കഴിഞ്ഞ 10 വർഷമായി ഗ്യാസ് വിതരണ മേഖലയിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ യൂണിയനിൽ ചേർന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് ഏജൻസി ഉടമ ഇവരെ പിരിച്ചുവിട്ടതെന്നാണ് സിഐടിയു നേതാക്കൾ ആരോപിക്കുന്നത്.