ആലപ്പുഴ: തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച് കരാർ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഹൗസ് ബോട്ട് ഉടമ സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്ക് തുടങ്ങി. ഹൗസ് ബോട്ട് ഓണേഴ് ഫെഡറേഷൻ ഒഴികെയുള്ള മേഖലയിലെ അഞ്ച് സംഘടനകളുടെ കൂട്ടായ്മയായ കേരള ഹൗസ് ബോട്ട് ഓണേഴ്സ് കോ- ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ ഹൗസ് ബോട്ടുകളുടെ സർവീസ് നിർത്തിവച്ചത്.
പണിമുടക്കുന്ന അഞ്ച് സംഘടനകളിലെ 483 ഉടമകളുടെ 900ത്തിൽ അധികം വരുന്ന ബോട്ടുകളാണ് അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവച്ചിരിക്കുന്നത്. ഹൗസ് ബോട്ടുടമകളും ജീവനക്കാരും തമ്മിലുണ്ടായ വേതന കരാർ സംബന്ധിച്ച തർക്കം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഉടമകൾ പണിമുടക്കിലേക്ക് നീങ്ങിയത്.
തൊഴിലാളികളുടെ പുതിയ സേവന വേതന കരാർ തയാറാക്കാതെ ഹൗസ് ബോട്ടുകൾ സർവീസ് നടത്തേണ്ടെന്നാണ് കോ ഓർഡിനേഷൻ കമ്മറ്റിയുടെ നിലപാട്. സമര ഭാഗമായി രാവിലെ 10ന് നഗരചത്വരത്തിൽ വിശദീകരണ യോഗവും ഇവർ സംഘടിപ്പിച്ചിട്ടുണ്ട്.