കൊല്ലം : തൊഴിലുറപ്പ് തൊഴിലാളികള്‍ പുതിയ തൊഴില്‍ മേഖലകളിലേക്ക്. വെളിയം ഗ്രാമ പഞ്ചായത്തിലെ വാപ്പാല വാര്‍ഡില്‍ 10 പേരടങ്ങുന്ന കൂട്ടായ്മ തെങ്ങിന്‍തൈ ഉത്പാദന കേന്ദ്രം തുടങ്ങിക്കഴിഞ്ഞു.പഞ്ചായത്തിന്റെ 15 സെന്റ് ഭൂമിയിലാണ് കേന്ദ്രം. 2000 തൈകളാണ് ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിക്കുന്നത്.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടെന്‍ഡര്‍ വിളിച്ചാണ് വിത്ത് തേങ്ങകള്‍ ശേഖരിച്ചത്. തറനിരപ്പാക്കി പ്രത്യേകം സജ്ജീകരിച്ച കുഴികളില്‍ വിത്ത്പാകുന്നു. കേന്ദ്രത്തിന്റെ സംരക്ഷണത്തിനായി തൊഴിലാളികള്‍ തന്നെ ജൈവവേലിയും നിര്‍മിച്ചു. മൂന്ന് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. എന്‍ ആര് ഇ ജി എസ് വഴിയാണ് തുക ലഭ്യമാക്കിയത്.
ഇവിടെ ഉത്പാദിപ്പിക്കുന്ന തെങ്ങിന് തൈകള്‍ പഞ്ചായത്തിന്റെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലിംലാല്‍ പറഞ്ഞു.