ചാലക്കുടി: 2016-17 വർഷം മുതൽ അംഗീകാരം ലഭിച്ച അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട വിവിധ വർക്കുകൾ ഫണ്ട് ലഭ്യമല്ലാത്തതിനാൽ ചാലക്കുടി നഗരസഭയിൽ സ്തംഭിച്ചു.നേരത്തെ അംഗീകാരം ലഭിച്ച പദ്ധതികൾക്ക് പുറമെ മഴക്കാലവുമായി ബന്ധപ്പെട്ട് നടത്തേണ്ട അടിയന്തര പ്രാധാന്യമുള്ള ശുചീകരണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്താമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ 36 വാർഡുകളിലേയും രണ്ടുവീതം ശുചീകരണ വർക്കുകളും നടത്തുന്നതിന് അംഗീകാരം ലഭിച്ചിരുന്നു.
ഈ വർക്കുകളും പണമില്ലാത്തതിനാൽ നിർത്തിവച്ചിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് സർക്കാർ അനുവദിക്കുന്ന ഫണ്ട് മാസങ്ങളായി ലഭ്യമാകാത്ത സാഹചര്യത്തിലാണ് വർക്കുകൾ നിർത്തിവയ്ക്കേണ്ടിവന്നിരിക്കുന്നത്. സർക്കാർ ഫണ്ട് ലഭ്യമാക്കുന്നതുവരെ നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് വർക്കുകൾ തുടരാം എന്ന നിർദേശം ലഭിച്ചുവെങ്കിലും ചാലക്കുടി നഗരസഭ തനത് ഫണ്ട് ഉപയോഗിച്ച് പദ്ധതി തുടരാൻ തയാറായിട്ടില്ല.
കഴിഞ്ഞ കൗണ്‍സിൽ യോഗത്തിലും പ്രതിപക്ഷ അംഗങ്ങൾ തൊഴിലുറപ്പ് പദ്ധതി അടിയന്തരമായി തുടരുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒരുവർഷം ചുരുങ്ങിയത് 100 ദിനങ്ങളെങ്കിലും തൊഴിൽ നൽകണമെന്ന വ്യവസ്ഥയും ഇതുമൂലം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
ശുചീകരണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്നതും രജിസ്റ്റർ ചെയ്ത നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്നതുമായ ഈ സാഹചര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണമെന്ന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.