വൈപ്പിൻ : തൊഴിലുറപ്പ് പദ്ധതിയുടെ വേതനം മുടങ്ങിയാൽ മിനിമം വേജസ് ആക്ട് പ്രകാരം തൊഴിലാളികൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സൂചിപ്പിച്ചു. സംസ്ഥാന ജോലിസ്ഥിരതഫണ്ടിൽ നിന്നുമാണ് ഇതിനുള്ള തുക ഈടാക്കേണ്ടത്. ഇതിനായി പ്രത്യേക കന്പ്യൂട്ടർ സോഫ്റ്റ്വെയർ സിസ്റ്റവും ഉള്ളതായി കമ്മീഷൻ പറഞ്ഞു.
തൊഴിലാളികൾക്ക് വേതനം കിട്ടാൻ കാലതാമസം വന്നാൽ മസ്റ്റർറോൾ ക്ലോസ് ചെയ്ത് 16-ാം ദിവസം മുതൽ കൊടുക്കേണ്ട തുകയുടെ 0.05% നഷ്ടപരിഹാരമായി ഓരോ ദിവസവും കൊടുക്കേണ്ടതുണ്ട് എന്ന് വ്യവസ്ഥയുള്ളതായും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. പ്രോഗ്രാം ഓഫീസർമാരാണ് ഇതിന്റെ മാർഗനിർദ്ദേശം നൽകേണ്ടത്.
വൈപ്പിൻ നിയോജകമണ്ഡലത്തിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം മുടങ്ങിയതിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് ഐ പള്ളിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വി.എസ്.സോളിരാജ് മനുഷ്യാവകാശ കമ്മീഷന് നൽകിയിരുന്ന ഹർജ്ജി പരിഗണിച്ചുകൊണ്ട് കമ്മീഷൻ ഹർജിക്കാരനു നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്.
കമ്മീഷൻ ആവശ്യപ്പെട്ട പ്രകാരം മിനിസ്ട്രി ഓഫ് റൂറൽ ഡവലപ്മെന്റ് ഗവണ്മെന്റ് ഓഫ് ഇന്ത്യ പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച കത്തും, ഗൈഡ്ലൈനും ഹർജിക്കാരൻ ഹാജരാക്കി. ഇവ തെളിവായി കമ്മീഷൻ സ്വീകരിക്കുകയും പരാതിവിഷയത്തിൽ ഒരു മാസത്തിനുള്ളിൽ അടിയന്തിരമായി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തൊഴിലുറപ്പ് പദ്ധതി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതായും കമ്മീഷൻ ഹർജിക്കാരനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.