കോഴിക്കോട് : കൃത്യമായ കൂലിയും തൊഴിലും നല്‍കാതെ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യുന്നതില്‍ പ്രതിഷേധ സമരവുമായി തൊഴിലുറപ്പ് തൊഴിലാളികള്‍ . തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ അഞ്ചിന് വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്ഭവന് മാര്‍ച്ചിന്റെ ഭാഗമായി ജില്ലകളിലെ ആദായനികുതി ഓഫീസുകളിലേക്ക് തൊഴിലാളികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താനാണ് തീരുമാനം.
100 തൊഴില്‍ ദിനമെങ്കിലും നല്‍കണമെന്ന വ്യവസ്ഥകളും എടുത്ത തൊഴിലിന്റെ കൂലിയും നല്‍കാതെ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സമീപനത്തിനെതിരെയാണ് സമരം. തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുടുംബത്തിന് വര്‍ഷം 100 ദിവസമെങ്കിലും തൊഴില്‍ ഉറപ്പാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തുടക്കത്തില്‍ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക 100 ദിവസം തൊഴില്‍ നല്‍കാനായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.41 ലക്ഷം കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം പകുതിയായിട്ടും 1952 കുടുംബങ്ങള്‍ക്കുമാത്രമേ 100 തൊഴില്‍ ദിനം നല്‍കിയിട്ടുള്ളൂ. സംസ്ഥാനത്ത് ശരാശരി 60 ദിവസത്തെ ജോലിയാണ് പലര്‍ക്കും ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ കൂലി വര്‍ധനവ് ഉണ്ടായപ്പോഴും 271 രൂപ തന്നെയാണ് സംസ്ഥാനത്ത് നല്കി വരുന്നത്.
സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം 13,15,511 കുടുംബങ്ങളില്‍ നിന്നായി 14,95,313 പേരാണ് തൊഴിലുറപ്പുപ്രകാരം തൊഴില്‍ ആവശ്യപ്പെട്ടത്. സാമ്പത്തിക വര്‍ഷം പകുതിയായിട്ടും ഇതില്‍ 1,61,997 കുടുംബങ്ങളിലെ 2,04,519 പേര്‍ക്ക് തൊഴില്‍ നല്‍കാനായിട്ടില്ല. രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കാത്തിരുന്നിട്ടും രണ്ടുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്കാന് കഴിയാത്തതും മേഖലയിലെ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണമാക്കിയിട്ടുണ്ട്.
അതേസമയം ആസ്തി വികസനവുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന കേന്ദ്രനിര്‍ദേശം നടപ്പാക്കിയതോടെയാണ് മേഖലയില്‍ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് ആരംഭിച്ചതെന്നും ആക്ഷേപമുണ്ട്. മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലികളായിരുന്നു തൊഴിലുറപ്പില്‍ സംസ്ഥാനത്ത് കൂടുതല്‍ ഏറ്റെടുത്തിരുന്നത്.
കുളംകുഴിക്കല്‍, കാടുവെട്ടല്‍, കൃഷിക്ക് നിലമൊരുക്കല്‍, ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങിയവ. എന്നാല്‍ ഇവയ്ക്ക് നിയന്ത്രണം കൊണ്ടുവന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആസ്തി വികസനത്തിനും പ്രാമുഖ്യം നല്കാന് കേന്ദ്രം നിര്‍ദേശിച്ചതോടെ തൊഴിലാളികളും പിന്തിരിയാന് തുടങ്ങി. തൊഴില്‍ ദിനങ്ങള്‍ 200ആയി വര്‍ധിപ്പിക്കുക, പ്രതിദിനം കൂലി 500 രൂപയായി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്.്പ്