തൃപ്രയാർ: ’കാം കാ വേതൻ കഹാ ഹെ’ എന്നു ചോദിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും നാട്ടിക ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ ഐഎൻടിയുസി നാട്ടിക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കത്തുകൾ അയച്ചു.
നരേന്ദ്രമോദിയുടെ കേന്ദ്രഭരണവും പിണറായി വിജയന്റെ കേരള ഭരണവും മൂലം കേരളത്തിലെ ജനങ്ങൾ ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ടിരിക്കുകയാണെന്നും തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി കൊടുക്കാതെ രാജ്യത്ത് നിലനിൽക്കുന്ന നിയമംപോലും ലംഘിച്ച് കേന്ദ്രവും കേരളവും കള്ളനും പോലീസും കളിക്കുകയാണെന്നും കത്തയക്കൽ സമരം ഉദ്ഘാടനം ചെയ്ത് ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോണ്ഗ്രസ് ജില്ലാ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു.
നാട്ടിക ഗ്രാമപഞ്ചായത്തിൽ മാത്രം 560 തൊഴിലാളികൾക്കായി നാലായിരം മുതൽ പതിനായിരം രൂപ വരെകൂലിയായി കൊടുക്കുവാൻ ഉണ്ടെന്നും നാട്ടിക പഞ്ചായത്തിലെ മാത്രം കൂലി കുടിശിക മുപ്പത്തിമൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ ആണെന്നും അനിൽ പുളിക്കൽ പറഞ്ഞു. ഇ.വി.ധർമൻ അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വിനു മുഖ്യാതിഥിയായിരുന്നു.