കേരളശേരി: പ്രളയം തകർത്ത കാർഷികമേഖലയ്ക്ക് ആശ്വാസമായി കേരളശേരി ഗ്രാമപഞ്ചായത്തിന്റെയും തൊഴിലുറപ്പു തൊഴിലാളികളുടെയും പ്രവർത്തനം ശ്രദ്ധേയമായി. മഴവെള്ളപ്പാച്ചിലിൽ പാടവരന്പുകളും തോടുകളും നെൽകൃഷിയും ഉൾപ്പെടെ ഏറെ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രളയത്തിൽ തകർന്ന പാടശേഖരങ്ങളിലെ വരന്പുകൾ പൊതിയുന്ന പ്രവർത്തനമാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റെടുത്തത്. കേരളശേരി ഗ്രാമപഞ്ചായത്തിലെ പതിമൂന്നു വാർഡുകളിലായി നെൽകൃഷിക്ക് വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടൽമൂലം വാർഡ് മെംബർമാരുടെ നേതൃത്വത്തിൽ അതത് വാർഡുകളിൽ വരന്പ് പൊതിയൽ പ്രവർത്തനം തുടർന്നുവരികയാണ്.കേരളശേരി ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിൽ വടശേരി പ്രദേശത്തെ വിവിധ പാടശേഖരങ്ങളിൽ വരന്പു പൊതിയൽ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. വാർഡ് മെംബർ വിജയകുമാർ നേതൃത്വം നല്കി.