നെടുമങ്ങാട്: നവകേരള സദസിൽ പങ്കെടുക്കാത്തതിനാൽ തൊഴിലുറപ്പ് ജോലി നിഷേധിക്കുന്നതായി പരാതി. ആനാട് ഗ്രാമ പഞ്ചായത്തിലെ മന്നൂർക്കോണം വാർഡിലെ 16 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആണ് നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ജോലി നിഷേധിച്ചത്.
മസ്ട്രോളിൽ പേര് അടിച്ച ശേഷം തൊഴിൽ നിഷേധിക്കുന്നതായാണ് പരാതി ഉയർന്നത്. ആറ് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിൽ എത്തി പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് ജോലി നിഷേധിച്ചതായി പരാതി നൽകിയിട്ടുണ്ട്.
രണ്ട് ആഴ്ച്ചകൾക്ക് മുമ്പ് സമാനമായ സംഭവം ഈ വാർഡിൽ ഉണ്ടായിയെന്നും തൊഴിലാളികൾ പറഞ്ഞു. ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ നവകേരള സദസിൽ പങ്കെടുക്കാത്തത് കൊണ്ട് ജോലി ഇല്ല എന്ന് പറഞ്ഞതായും തൊഴിലുറപ്പ് തൊഴിലാളികൾ പറഞ്ഞു.സംഭവം വിവാദം ആയതോടെ പഞ്ചായത്ത് പ്രസിഡന്റ് ്ശ്രീകല തൊഴിലാളികളോട് ജോലിക്ക് കയറാൻ പറഞ്ഞിട്ടുണ്ട്.