മലപ്പുറം: തീവ്രവാദ സംഘടനയായ ജംഇയ്യത്തുൽ ഇസ്ഹാനിയയുടെ ജില്ലാനേതാവ് സൈതലവി അൻവരിയെ പിടികൂടാൻ പോലീസ് നടപടിയാരംഭിച്ചു. ഒട്ടേറെ കൊലപാതക കേസുകളിൽ മുഖ്യപങ്കാളിയായി മലപ്പുറം കൊളത്തൂർ മേലേകൊളന്പ് പിലാക്കാട്ടുപടി സൈതലവി അൻവരിയാണ് വിദേശത്തു കടന്നിരിക്കുന്നത്. സംഘടനയിൽ ഉൾപ്പെട്ട കൊലപാതക കേസുകളിലെ പ്രതികളിൽ പലരെയും അന്വേഷണ സംഘം പിടികൂടിയെങ്കിലും മുഖ്യആസൂത്രകനായ അൻവരി നാടുവിട്ടിരിക്കുകയാണ്.
അൻവരിയുടെ നേതൃത്വത്തിൽ മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലായി തീവ്രവാദസ്വഭാവമുള്ള എട്ടു കൊലപാതകങ്ങൾ നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം തന്റെ നേർക്കു തിരിയുന്നുവെന്നു മനസിലാക്കിയ സൈതലവി അൻവരി 1997ൽ മംഗളുരൂ സ്വദേശിയായ ഷേഖ് അബ്ബയുടെ പാസ്പോർട്ടിൽ തലവെട്ടിയൊട്ടിച്ചു ബംഗളൂരു വഴി വിദേശത്തേക്കു രക്ഷപ്പെട്ടുവെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇയാളെ കണ്ടെത്താൻ വീണ്ടും ലുക്ക് ഒൗട്ട് നോട്ടീസ് പുറവെടുവിപ്പിക്കും. തുടർന്നു ഇന്റർപോളിന്റെ സഹായവും തേടും. ഇയാൾ എവിടെയാണെന്നു വ്യക്തമല്ല.
വീട്ടുകാരോടു പോലീസ് അന്വേഷണം നടത്തിയെങ്കിലും അവർക്കും ഇയാളെക്കുറിച്ചു വിവരം ലഭ്യമല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. കേസിൽ സൈതലവി ഒന്നാം പ്രതിയാണ്. ഇയാളെ കൂടാതെ അഞ്ചാം പ്രതി ചെറുതുരത്തി പള്ളം പുത്തൻപീടികയിൽ യൂസഫിന്റെ മകൻ സുലൈമാൻ, ദേശമംഗലം പള്ളംകളപ്പുറത്തു കുഞ്ഞുമുഹമ്മദിന്റെ മകൻ സലീം എന്നിവരും ഗൾഫിൽ ഒഴിവിൽ കഴിയുകയാണ്. ഇവർക്കായി പോലീസ് വലവിരിച്ചുകഴിഞ്ഞു. മൂന്നാംപ്രതിയായ കയ്പമംഗലം ചളിങ്ങാട് പുഴങ്കരയില്ലത്ത് തെയ്യുണ്ണിയുടെ മകൻ ഷാജി എന്ന ഷാജഹാൻ, കയ്പമംഗലം കൊപ്രക്കളം കൊടുങ്ങല്ലൂക്കാരൻ മൊയ്തീന്റെ മകൻ നവാസ് എന്നിവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒളിവിലാണ്.
അതിനിടെ ഇയാൾ ഉൾപ്പെട്ട കേസുകളിലെ രണ്ടു പ്രതികളെ അറസ്റ്റു ചെയ്തതു കേസന്വേഷണം ശക്തമാകുന്നുവെന്നാണ് തെളിയിക്കുന്നത്. ഗുരുവായൂരിനടുത്തു തൊഴിയൂരിലെ ആർഎസ്എസ് ഭാരവാഹി സുനിലിനെ കൊലപ്പെടുത്തിയ കേസിൽ ജംഇയ്യത്തുൽ ഇസ്ഹാനിയ തീവ്രവാദ സംഘടനയുടെ പ്രവർത്തകരായ മലപ്പുറം കൊളത്തൂർ ചെമ്മലശേരി പൊതുവകത്ത് ഉസ്മാൻ (51), വാടാനപ്പള്ളി അഞ്ചങ്ങാടി നാലകത്തൊടിയിൽ യൂസഫ് എന്ന യൂസഫലി (52) എന്നിവരെയാണ് തിരൂർ ഡിവൈഎസ്പി കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പ്രതികളെ തൃശൂർ സെഷൻസ് കോടതിയിൽ ഹാജരാക്കി.
ഈ കേസിൽ നേരിട്ടു പങ്കെടുത്ത ആളാണ് സൈതലവി അൻവരിയെന്നു പോലീസ് പറഞ്ഞു. 1992-96 വർഷക്കാലത്ത് പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ സിനിമാ തിയേറ്ററുകൾ കത്തിക്കുക, കള്ളുഷാപ്പുകൾ കത്തിക്കുക, നോന്പുകാലത്ത് തുറന്ന ഹോട്ടലുകൾ ആക്രമിക്കുക തുടങ്ങി നിരവധി അക്രമ പ്രവർത്തനങ്ങൾക്കു ഇവരടങ്ങുന്ന സംഘം നേതൃത്വം നൽകിയിരുന്നു. 1995 ൽ വാടാനപ്പള്ളി രാജീവ് വധക്കേസിൽ പ്രതിയായി യൂസഫലി ഗൾഫിലേക്കു മുങ്ങി. തുടർന്ന് 1997ൽ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെടുകയും തുടർന്നു ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിലിറങ്ങിയിരുന്നു.
ഇതിനിടെയാണ് തൊഴിയൂർ സുനിൽ വധക്കേസിൽ ഉൾപ്പെട്ട പ്രതി ഉസ്മാനെ ചൊവ്വാഴ്ച രാത്രി മലപ്പുറം കൊളത്തൂരിൽ ഒളിവിൽ കഴിയവേ പോലീസ് തന്ത്രപരമായി അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിൽ സുനിലിനെ വെട്ടി കൊലപ്പെടുത്തുകയും വീട്ടുകാരെ അക്രമിച്ചതായും ഉസ്മാൻ മൊഴി നൽകി. യൂസഫലിയെ വാടാനപ്പള്ളിയിൽ നിന്നാണ് പിടികൂടിയത്.
ജംഇയ്യത്തുൽ ഇസ്ഹാനിയയുടെ സജീവ പ്രവർത്തകനായ യൂസഫലി വാൾ ഉപയോഗിച്ച് അക്രമം നടത്തുന്നതിനെക്കുറിച്ച് പരിശീലനം നൽകിയിരുന്നു ചോദ്യം ചെയ്യലിൽ 24വർഷം മുന്പ് 1995 ഓഗസ്റ്റ് 19ന് മലപ്പുറത്തെ കൊളത്തൂരിൽ ബിജെപി നേതാവ് ചെമ്മലശേരി മൂർക്കോത്ത് മോഹനചന്ദ്രനെ ചെമ്മലശേരിയിൽ വച്ചു ജീപ്പിടിച്ചു കൊലപ്പെടുത്തിയതു തങ്ങളാണെന്നു പ്രതികൾ പോലീസിനോടു വെളിപ്പെടുത്തിയത് കേസന്വേഷണത്തിനു പുതിയ വഴിത്തിരിവായി. 2006ൽ മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ച കേസാണിത്.
തൊഴിയൂർ സുനിലിനെ കൊലപ്പെടുത്താൻ പോയ സംഘവും യാത്ര തിരിച്ചത് ഇതേ ജീപ്പു തന്നെയാണെന്നു പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സൈതലവി അൻവരി, വഴിക്കടവ് അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇസ്ഹാനിയ സംഘം മോഹനനെ ജീപ്പിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇരുവരും പോലീസിനു മൊഴി നൽകിയിട്ടുള്ളത്.