ഉപ്പുതറ: താങ്ങാനാകാത്ത ദുഃഖഭാരവുമായാണ് ഇന്നലെ കൈതപ്പതാൽ ഗ്രാമം ഉണർന്നത്. ലിജയും മകൻ ബെന്നും വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി മരിച്ചെന്ന വിശ്വസിക്കാനാകാത്ത വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. വിവരം അറിഞ്ഞവർ കിണറ്റുകര വീട്ടിലേക്ക് ഓടിയെത്തി.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ച ലിജയുടെ 28 ദിവസം പ്രായമായ കുഞ്ഞിന്റെ സംസ്കാരചടങ്ങിൽ പങ്കെടുത്താണ് നാട്ടുകാരും ബന്ധുക്കളും ചൊവ്വാഴ്ച വൈകുന്നേരം വീടുകളിലേക്ക് മടങ്ങിയത്.
കുഞ്ഞു മരിച്ചതിന്റെ ദുഃഖത്താൽ തളർന്നിരുന്ന ലിജയെ സമാശ്വസിപ്പിച്ചാണ് നാട്ടുകാർ തലേന്നു മടങ്ങിയത്.ഇന്നലെ രാവിലെ ഓടിക്കൂടിയ നാട്ടുകാർ എന്തു ചെയ്യണമെന്നറിയാതെ ആദ്യം പകച്ചുനിന്നു.
പിന്നീട് ഫയർ ഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചു. 40 അടി താഴ്ചയുള്ള കിണറ്റിൽനിന്ന് പുറത്തെടുത്ത ലിജയെയും ബെന്നിനെയും നോക്കിനിൽക്കാനേ നാട്ടുകാർക്ക് കഴിഞ്ഞുള്ളൂ. പലരുടേയും നിയന്ത്രണം വിട്ടു.
ചെറുപ്പംമുതൽ ലിജ അയൽക്കാർക്കു പ്രിയപ്പെട്ടവളായിരുന്നു. വിവാഹത്തിനു ശേഷവും നാട്ടിലെത്തുന്പോൾ എല്ലാവരോടും കുശലം പറഞ്ഞും സ്നേഹാന്വേഷണം നടത്തിയുമേ മടങ്ങാറുണ്ടായിരുന്നുള്ളൂ.
ഇന്നു ഭർത്താവിന്റെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനു മുന്പ് മൃതദേഹങ്ങൾ കൈതപ്പതാലിൽ എത്തിക്കും. മകളുടെയും കൊച്ചുമക്കളുടെയും വേർപാടിൽ നെഞ്ചുരുകി കഴിയുന്ന ലിജയുടെ അച്ഛനും അമ്മയ്ക്കും സഹോദരനും കാവലായി നാട്ടുകാരും കിണറ്റുകര വീട്ടിൽ കാത്തിരിക്കുകയാണ്.