കൊച്ചി; കേരളാ ഹൈക്കോടതി ഇന്നലെ സാക്ഷ്യം വഹിച്ചത് അതീവ നാടകീയമായ രംഗങ്ങള്‍ക്ക്. എറണാകുളം സ്വദേശിനികളായ വിദ്യാര്‍ഥിനികളെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഹേബിയസ് കോര്‍പസ് നല്‍കിയതു മുതലാണ് നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്. ഇതേത്തുടര്‍ന്ന് ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായ മൂന്നു പെണ്‍കുട്ടികള്‍ പറഞ്ഞ കാര്യം കോടതിയെ ഞെട്ടിച്ചു. തങ്ങള്‍ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയത്.കേസെടുത്തെങ്കിലും പ്രതികളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസിന്റെ വാദം. കൂടുതല്‍ അന്വേഷണം നടത്തണമെന്നും പൊലീസ്.
തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നു പോക്സോ പ്രകാരം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. സ്‌കൂളില്‍നിന്നു പുറത്തേക്കു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. മൂന്നു പേരെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയശേഷം, കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഇവരുടെ കൂട്ടുകാരിയുടെ വീട്ടിലേക്കു മാറ്റി.പീഡനത്തിനിരയായ വിവരം വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയെ അറിയിച്ചപ്പോള്‍ കേസെടുത്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു.