വീട്ടില്‍ അറിയിക്കാതെ ഗോവയിലേക്കു മുങ്ങിയ മൂലമറ്റം സ്വദേശികളായ മൂന്നു യുവതികളെ കണ്ണൂരില്‍നിന്നു പോലീസ് കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍ പറയാതെ നാടുവിട്ട യുവതികളെയാണു വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു കാഞ്ഞാര്‍ പോലീസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു കസ്റ്റഡിയിലെടുത്തത്. രാത്രി വൈകിയും യുവതികള്‍ വീട്ടിലെത്താതിരുന്നതോടെയാണു വീട്ടുകാര്‍ പരാതി നല്‍കിയത്. തുടര്‍ന്നു പോലീസ് അന്വേഷണം തുടങ്ങി.
യുവതികളുടെ മൊബൈല്‍ ഫോണുകള്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെടുത്തി പരിശോധിച്ചപ്പോള്‍ ആലുവയില്‍ ഉള്ളതായി വ്യക്തമായി. റെയില്‍വേ സ്റ്റേഷനില്‍ അഡ്രസ് പ്രകാരം അന്വേഷിച്ചപ്പോള്‍ ഓണ്‍ലൈന്‍ വഴി ഇവര്‍ ഗോവയ്ക്കു ടിക്കറ്റ് എടുത്തിട്ടുള്ളതായി കണ്ടെത്തി. ഇതോടെ റെയില്‍വേ പോലീസുമായി ബന്ധപ്പെട്ടു ഗോവയ്ക്കു പോകുന്ന വഴി ഇവരെ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് ഇവരെ കാഞ്ഞാറിലെത്തിച്ചു. അടുത്ത കാലത്ത് ഇവിടെ താമസത്തിനെത്തിയ ഒരു യുവതി സിനിമയില്‍ അവസരം നല്‍കാമെന്ന് മോഹിപ്പിച്ച് മറ്റു രണ്ടു പേരെ കൂട്ടി ഗോവയ്ക്കു പോകുകയായിരുന്നുവെന്നാണു പോലീസ് നല്കുന്ന സൂചന.
അതേസമയം, സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞു കൊണ്ടുപോയ അയല്‍ക്കാരിക്ക് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് സൂചന. ഈ സ്ത്രീയെ തേടി അപരിചിതര്‍ എത്തിയിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. വീട്ടില്‍ നിന്നു പോകുന്ന അവര്‍ പലപ്പോഴും രണ്ടുംമൂന്നും ദിവസം കഴിഞ്ഞാണ് തിരികെ എത്തിയിരുന്നത്. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. കാഞ്ഞാര്‍ സിഐ മാത്യു ജോര്‍ജ്, മുട്ടം എസ്ഐ എസ്.ഷൈന്‍, അഡീഷണല്‍ എസ് ഐ പി.എം.ഷാജി, സീനിയര്‍ സിപിഒമാരായ ബിനോയി, റാംകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു യുവതികളെ കണ്ടെത്തിയത്.