കൊച്ചി വീണ്ടും തട്ടിപ്പുകാരുടെ ഹബ്ബായി മാറുന്നുവോ…നടി ഷംന കാസിമിനെതിരേ തട്ടിപ്പ് നടത്തിയ യുവാക്കള്‍ നിരവധി യുവതികളെ തട്ടിപ്പിനിരയാക്കിയ സംഭവം പുറത്തു വന്നതിനു പിന്നാലെ മറ്റൊരു തട്ടിപ്പിന്റെ കഥ കൂടി കൊച്ചിയില്‍ നിന്നും പുറത്തു വരികയാണ്.
ആത്മീയതയുടെ പേരില്‍ നടത്തിയ തട്ടിപ്പിനെത്തുടര്‍ന്ന് മരടിലെ മൂന്നു വീട്ടമ്മമാര്‍ക്ക് നഷ്ടമായത് 40 ലക്ഷം രൂപയാണ്.
അമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയും വൈറ്റില സ്വദേശി ഷീബാ സേവ്യര്‍ എന്ന സഹായിയായ യുവതിയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.
കാന്‍സറില്‍ നിന്നും തന്റെ ബന്ധുവിനെ രക്ഷിച്ച അമ്മ നിങ്ങളെയും രക്ഷിക്കുമെന്ന് അയല്‍ക്കാരി പറഞ്ഞതിനെ തുടര്‍ന്നാണ് വീട്ടമ്മമാര്‍ സ്ത്രീയെ വിശ്വസിച്ച് പണം നല്‍കിയത്.
ഭിന്നശേഷിക്കാരനായ മകനൊപ്പം കഴിയുന്ന വീട്ടമ്മ സ്വന്തം വീട് പണയം വച്ചാണ് തട്ടിപ്പുകാരിയ്ക്ക് 10 ലക്ഷം രൂപ നല്‍കിയത്. ഇതിനു പകരമായി അവര്‍ 50 ലക്ഷം രൂപ മൂല്യമുള്ള സ്വര്ണവിഗ്രഹമെന്നു പറഞ്ഞ് ഒരു വിഗ്രഹവും വീട്ടമ്മയ്ക്കു നല്കി.
പലപ്പോഴായി ഇങ്ങിനെ സ്വര്‍ണ്ണം വാങ്ങിയതോടെ സംശയത്തെ തുടര്‍ന്ന് വിഗ്രഹം പരിശോധന നടത്തിയപ്പോഴാണ് അത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതെന്ന് വീട്ടമ്മ പറയുന്നു. കൂടുതല്‍ പേര് തട്ടിപ്പിനിരയായി.
പല തവണയായി ഇവര്‍ വിശ്വാസികളോട് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി പകരം മൂല്യം കൂടുതലുള്ള ആഭരണങ്ങള്‍ തിരിച്ചു നല്കി. ഇതെല്ലാം പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് തെളിയുകയായിരുന്നു.
പണം നഷ്ടമായി മാനസീകമായി തകര്‍ന്നതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് ചികിത്സ തേടേണ്ടി വന്നതായും ഇവര്‍ പറയുന്നു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇവരുടെ തട്ടിപ്പിനിരയായി.
പണം തിരിച്ചു ചോദിച്ചപ്പോള്‍ ഭാര്യമാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും അത് പുറത്തു വിടുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയതായിട്ടും ഇരകളായ പുരുഷന്മാര് പറയുന്നു.