കൊച്ചി: കൊച്ചി പനങ്ങാട് ചേപ്പനത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചേപ്പനം രാഘവപ്പറന്പ് വീട്ടിൽ മണിയൻ(65), ഭാര്യ സരോജിനി(58), മകൻ മനോജ്(36) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മണിയൻ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലും സരോജിനിയും മനോജും തലയ്ക്ക് അടിയേറ്റ നിലയിലുമാണ് കാണപ്പെട്ടത്. അമ്മയുടെയും മകന്റെയും ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ട്.
മുറിക്കുള്ളിൽ രക്തം തളംകെട്ടിയ നിലയിലാണ്. പനങ്ങാട് പോലീസ് സ്ഥലത്തെത്തി. മണിയൻ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
നേരം പുലർന്നിട്ടും വീട്ടുകാരെ പുറത്ത് കാണാത്തതിനെത്തുടർന്നാണ് രാവിലെ 8.30 ഓടെ പരിസരവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
മനോജിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. ഇവിടെ വഴക്ക് പതിവായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. പോലീസ് നടപടികൾ പുരോഗമിക്കുകയാണ്.