കൽപ്പറ്റ: സഹോദരിയുടെ ഭർത്താവിനെ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് പിടിയിൽ. വയനാട് മീനങ്ങാടി ചെണ്ടക്കുനി പുത്തന്‍വീട്ടില്‍ അബ്ദുള്‍ സലീം (52), അബ്ദുള്‍ സലാം (48), അബ്ദുള്‍ ഷെരീഫ് (44) എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19-ാം തിയതി രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മീനങ്ങാടി ചെണ്ടക്കുനി സ്വദേശിയായ എം. അസീസിന്റെ പരാതിയിലാണ് നടപടി. പരാതിയിൽ അസീസിനെ ഇരുമ്പ് ദണ്ഡ്, ടയർ എന്നിവ ഉപയോഗിച്ച് അടിക്കുകയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പറയുന്നത്.
തന്നെ ആക്രമിച്ചത് ഭാര്യയുമായി വഴക്കുണ്ടാക്കിയതിന്റെ വിരോധത്തെ തുടർന്നാണെന്നും അസീസ് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പുറത്തും വലതു തോളിലും തലയിലും മൂക്കിലും ക്രൂരമായി മർദിച്ചതായി അസീസ് പറഞ്ഞു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ അസീസ് ചികിത്സയിലാണ്. ഇയാളുടെ വാരിയെല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്.