ചങ്ങനാശേരി: മാതാപിതാക്കളോടൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും ചോദ്യചെയ്തപ്പോള്‍ മാതാപിതാക്കള്ക്കുനേരേ പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്പുരം കുഞ്ഞന്‍കവല ഭാഗത്ത് ചാലുമാട്ടുതറ അരുണ്‍ ദാസ് (25), ചങ്ങനാശേരി പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് നടുതലമുറി പറമ്പില്‍ ബിലാല്‍ മജീദ് (24), ഫാത്തിമപുരം കപ്പിത്താന്‍പടി ഭാഗത്ത് തോട്ടുപറമ്പില്‍ അഫ്സല് സിയാദ് (കുക്കു-22) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാത്രി 8:45ന് ചങ്ങനാശേരി മുന്‍സിപ്പല്‍ ആര്‍ക്കേഡിനു മുമ്പിലൂടെ റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്കു മാതാപിതാക്കള്‍ക്കൊപ്പം നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അരുണ്‍ ദാസ് കടന്നുപിടിച്ചു. ചോദ്യം ചെയ്ത മാതാപിതാക്കള്‍ക്കു നേരേ പിന്നാലെവന്ന ബിലാല്‍ പെപ്പര്‍ സ്പ്രേ അടിച്ചു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അഫ്സല് സിയാദ് ഇവര്‍ക്കു നേരേ പെപ്പര്‍ സ്പ്രേ അടിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അരുണ്‍ ദാസിന് ചിങ്ങവനം പോലീസ് സ്റ്റേഷനിലും ബിലാലിന് ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിലും അഫ്സലിന് തൃക്കൊടിത്താനം സ്റ്റേഷനിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
ചങ്ങനാശേരി സ്റ്റേഷന് എസ്എച്ച്ഒ ബി. വിനോദ് കുമാര്‍, എസ്ഐമാരായ ജയകൃഷ്ണന്, അജി. പി.എം, അനില്‍കുമാര്‍ എം.കെ, നൗഷാദ് കെ.എന്‍, സിപിഒമാരായ കുഞ്ചെറിയ, ചാക്കോ, അനില്‍കുമാര്‍, ഡെന്നി ചെറിയാന്, അനില്‍ രാജ്, തോമസ് സ്റ്റാന്‍ലി, അതുല്‍ മുരളി, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.