വിതുര : കല്ലാറിലെ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്നു പേര് കയത്തിൽ പെട്ട് മരിച്ചു. ബീമാപള്ളി തൈക്കാപള്ളി നടുവിളാകത്ത് വീട്ടിൽ ഫിറോസ്(30) സഹോദരനായ ജവാദ് (35) ഇവരുടെ സഹോദരിയുടെ മകനായ സഫ്വാൻ (16)എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.ബന്ധുക്കളായ സുബിൻ, അസ്ന, സജീന,ഷെഹ് സാദ്, ഹഫ്സ എന്നിവരുൾപ്പെടുന്ന എട്ടംഗ സംഘമാണ് ബീമാപള്ളിയില്‍ നിന്ന് ബ്രൈമൂറിൽ എത്തിയത്.
അവിടേയ്ക്ക് അനുമതി നിഷേധിച്ചതിനാൽ 12 മണിയോടെ കല്ലാറിലെ വട്ടക്കയത്തിൽ എത്തുകയായിരുന്നു . കുളിക്കുന്നതിനിടയിൽ അസ്ന(12) കയത്തിൽ അകപ്പെട്ടപോൾ രക്ഷിക്കാനിറങ്ങിയവരാണ് മരിച്ചത്.
നാട്ടുകാർ ഓടിക്കൂടി അസ്നയെയും മറ്റു മൂന്നു പേരെയും രക്ഷപ്പെടുത്തി വിതുര ആശുപത്രിയിലെത്തിച്ചെങ്കിലും ഫിറോസ്, ജവാദ്, സഫ്വാൻ എന്നിവർ മരിച്ചു.
കല്ലാറിലെ ഏറ്റവും അപകടമേഖലയായ വട്ടക്കയത്തു ഗ്രാമപഞ്ചായത്തിന്റെ യും പോലീസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. കയത്തിന്റെ അപകടാവസ്ഥ മുന്നില്‍കണ്ട് സ്ഥാപിച്ച മുള്ളുവേലി പൊളിച്ചാണ് സംഘം ആറിൽ ഇറങ്ങിയത്.
സ്ഥിരമായി മുങ്ങി മരണങ്ങൾ സംഭവിക്കുന്ന വട്ടക്കയത്ത് കുളിക്കരുതെന്നു നാട്ടുകാർ പലതവണ പറഞ്ഞിട്ടും ഇവർ അത് ചെവിക്കൊണ്ടില്ലെന്ന് പോലീസ് പറഞ്ഞു. മരിച്ച ഫിറോസ് എസ് എ പി ക്യാംപിലെ പോലീസുകാരനാണ്.
ജവാദ് ബീമാപള്ളി സ്കൂളിലെ അധ്യാപകനാണ്. മന്ത്രി ആന്റണി രാജു അപകട സ്ഥലവും വിതുര താലൂക്ക് ആശുപത്രിയും സന്ദർശിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
മുന്നറിയിപ്പുകൾ അവഗണിക്കുന്നത് അപകടങ്ങൾക്കിടയാക്കുന്നു
വിതുര : മഴക്കാലത്തും അല്ലാതെയും മലയോരമേഖലയിലെ ഇക്കോ ടൂറിസങ്ങളിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണമുണ്ട്.
പൊന്മുടിയും മങ്കയവും ഉൾപ്പെടെ മുഴുവൻ കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര അപകടകരമാണെന്ന മുന്നറിയിപ്പുണ്ട്. എന്നാൽ, ഇവയൊന്നും കൂസാതെ നിത്യേന നിരവധിയാളുകളാണ് ഇങ്ങോട്ടേക്കെത്തുന്നത്.
എല്ലാവരെയും ജീവനക്കാർ തടഞ്ഞ് മടക്കി അയക്കാറുണ്ടെങ്കിലും പലരും മറ്റ് കുറുക്ക് വഴികളിലൂടെ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച് നദിയിലും വെള്ളചാട്ടങ്ങളിലിറങ്ങുന്നതും വനത്തിൽ പ്രവേശിക്കുന്നതും പതിവാണ്. കല്ലാർ, മീൻമുട്ടി പോലുള്ള മരണം പതിയിരിക്കുന്നിടങ്ങളിൽ ഇറങ്ങി അപകടം വിളിച്ചു വരുത്തുകയാണ്.
കഴിഞ്ഞമാസം അഞ്ചിന് മങ്കയത്തുണ്ടായ ദുരന്തത്തിന് വഴിയൊരുക്കിയതും ഇത് തന്നെയാണ്. ജീവനക്കാർ ചെക്ക്പോസ്റ്റിൽ തടഞ്ഞ് തിരികെ അയച്ചവരാണ് കുളിക്കടവിലിറങ്ങി ഒഴുക്കിൽപ്പെട്ടത്. മലവെള്ളപ്പാച്ചിലിൽപ്പെട്ട് നെടുമങ്ങാട് പുളിഞ്ചി പുത്തൻ വീട്ടിൽ ഷാനിമ (35) നസ്റിയ ഫാത്തിമ(9) എന്നിവരാണ് അന്ന് മരിച്ചത്.
കഴിഞ്ഞ ജൂലൈ 31 ന് തിരുവല്ല സ്വദേശികളായ രണ്ട് യുവാക്കൾ കല്ലാറിലെത്തി കുളിക്കാനിറങ്ങി. പൊടുന്നനെ ജലനിരപ്പ് ഉയർന്നതോടെ നടുവിലെ പാറയിൽ അകപെട്ടു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ഒക്ടോബറിൽ കല്ലാർ-നെല്ലിക്കുന്ന് ചെക്ക്ഡാമിൽ ഒഴുക്കിൽപ്പെട്ട് തിരുവനന്തപുരം ചിറയ്ക്കൽ കൈമനം അമ്പാടി ഹൗസിൽ അഭിലാഷ് (23) മരണപ്പെട്ടിരുന്നു.
മഴയൊന്ന് കടുത്താൽ മലവെള്ളമിറങ്ങുന്ന നാടാണെന്നും കാണാക്കയങ്ങൾ ആണെന്നും അടിക്കടി മുന്നറിയിപ്പ് നൽകിയിട്ടും അതെല്ലാം പാടെഅവഗണിച്ചുണ്ടാക്കുന്ന അപകടങ്ങളാണെല്ലാം.