കൽപറ്റ: രക്ഷാപ്രവര്‍ത്തനത്തിനായി നിലമ്പൂര്‍ മുണ്ടേരി വനത്തിലൂടെ പോയി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി.
പോത്തുകല്ല് സ്വദേശികളായ മൂന്നുപേരെയാണ് കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചത്. ഇവരില്‍ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി.
ചാലിയാർ പുഴ കടന്ന് ഇന്നലെയാണ് ഇവര്‍ വയനാട്ടിലേക്ക് പോയത്. അതിസാഹസികമായിട്ടാണ് ദൗത്യസംഘം ഇവരെ രക്ഷിച്ചത്. ദുരന്തം നടന്ന അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന യുവാക്കളാണ് ഇവര്‍ മൂവരും.
അതേസമയം ദുരന്തബാധിത പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 343 ആയി. ഇരുന്നൂറിറയന്പതിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്.
ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ രക്ഷിക്കാനായിരുന്നു ശ്രമം. ചാലിയാറില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല. തിരച്ചിലിന് ഡല്‍ഹിയില്‍ നിന്ന് ഡ്രോണ്‍ ബേസ്ഡ് റഡാറുകള്‍ എത്തിക്കും. പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.