അസാധ്യമെന്നു കരുതുന്നത് സാധ്യമാക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നവരില് ഒരാളാണ് സ്പേസ് എക്സ് മേധാവി ഇലോണ് മസ്ക്. സ്പേസ് എക്സിന്റെ ആഗോള അതിവേഗ ഇന്റര്നെറ്റ് സ്വപ്നപദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച മൂന്ന് സ്റ്റാര്ലിങ്ക് സാറ്റലൈറ്റുകളുടെ നിയന്ത്രണം നഷ്ടമായി. വിക്ഷേപണം നടന്ന് ആഴ്ചകള്ക്കുള്ളില് നിയന്ത്രണം നഷ്ടമായ ഈ സാറ്റലൈറ്റുകള് വൈകാതെ ഭൂമിയില് പതിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്പേസ് എക്സിന്റെ ഈ പദ്ധതി ബഹിരാകാശ മാലിന്യം കൂട്ടുമെന്ന ആശങ്കകള്ക്കിടെയാണ് സംഭവം.
ആഗോള അതിവേഗ ഇന്റര്നെറ്റ് പദ്ധതിക്ക് വേണ്ടി 12,000 ചെറു സാറ്റലൈറ്റുകള് വിക്ഷേപിക്കുകയാണ് സ്പേസ് എക്സിന്റെ പദ്ധതി. ഇതുവഴി ഭൂമിയില് എവിടെയും അതിവേഗ ഇന്റര്നെറ്റ് താരതമ്യേന കുറഞ്ഞ ചിലവില് യാഥാര്ഥ്യമാക്കാനാകുമെന്നാണ് ഇലോണ് മസ്കിന്റെ അവകാശവാദം. ഇതിന്റെ ആദ്യപടിയായാണ് 60 ചെറു സാറ്റലൈറ്റുകള് വിക്ഷേപിച്ചത്. ഇതില് മൂന്നെണ്ണത്തിന്റെ നിയന്ത്രണമാണ് ഇപ്പോള് നഷ്ടമായിരിക്കുന്നത്. എന്നാല് മസ്കിന്റെ പദ്ധതി മറ്റൊരു ബഹിരാകാശ ദുരന്തമായി മാറുമോ എന്ന ഭീതിയാണ് ചിലര് പങ്കുവയ്ക്കുന്നത്.
വിക്ഷേപിച്ച മറ്റ് 57 സാറ്റലൈറ്റുകളുമായി ആശയവിനിമയം സാധ്യമാണെന്ന് സ്പേസ് എക്സ് അറിയിച്ചു. നിയന്ത്രണം നഷ്ടമായ മൂന്ന് സാറ്റലൈറ്റുകളും വൈകാതെ ഭൂമിയിലേക്ക് വീഴുമെന്നും അന്തരീക്ഷത്തില് വെച്ചു തന്നെ ഇവ കത്തി ചാമ്പലാകുമെന്നാണ് പ്രതീക്ഷയെന്നും സ്പേസ് എക്സ് അറിയിച്ചു. അതേസമയം സ്പേസ് എക്സിന്റെ ഈ ആഗോള ഇന്റര്നെറ്റ് പദ്ധതിയുടെ വിമര്ശകര്ക്ക് പുതിയ ഊര്ജ്ജമായിരിക്കുകയാണ് ഈ സംഭവം. ഭൂമിയുടെ ബഹിരാകാശം പരിധിയിലേറെ മാലിന്യങ്ങളാല് നിറഞ്ഞാല് തലമുറകളോളം ബഹിരാകാശ ദൗത്യങ്ങളടക്കം അസാധ്യമാക്കുമെന്ന മുന്നറിയിപ്പും ഉയര്ന്നുകഴിഞ്ഞു.
ആദ്യഘട്ടത്തില് വിക്ഷേപിച്ചവയില് 45 സാറ്റലൈറ്റുകള് പ്രതീക്ഷിച്ച ഭ്രമണപഥമായ ഭൂമിയില് നിന്നും 550 കിലോമീറ്റര് അകലത്തിലെത്തിയിട്ടുണ്ടെന്ന് സ്പേസ് എക്സ് അറിയിച്ചു. അഞ്ച് സാറ്റലൈറ്റുകള് തങ്ങളുടെ നിശ്ചിത ഭ്രമണപഥത്തിലേക്കുള്ള യാത്രയിലാണ്. വേറെ അഞ്ച് സാറ്റലൈറ്റുകളുടെ ചില സാങ്കേതിക പരിശോധനകള് നടന്നുവരികയാണെന്നും ബാക്കിയുള്ള രണ്ട് സാറ്റലൈറ്റുകളും ചിലപ്പോള് ആശയവിനിമയം നഷ്ടമായ മൂന്ന് സാറ്റലൈറ്റുകള്ക്കൊപ്പം ചേരാമെന്നും സ്പേസ് എക്സ് അറയിച്ചു.
അതേസമയം സ്പേസ് എക്സിന്റെ സാറ്റലൈറ്റുകളുമായുള്ള ആശയവിനിമയം നഷ്ടമായത് ജ്യോതിശാസ്ത്രജ്ഞരടക്കമുള്ളവരുടെ ആശങ്ക വര്ധിപ്പിച്ചിട്ടുണ്ട്. ഇവ ഭൂമിയില് പതിക്കാതെ ബഹിരാകാശത്ത് മാലിന്യമായി അവശേഷിച്ചാല് വാന നിരീക്ഷണത്തെ പോലും തടസ്സപ്പെടുത്താമെന്നും ആശങ്കയുണ്ട്. യൂറോപ്യന് ബഹിരാകാശ ഏജന്സിയുടെ കണക്കുകള് പ്രകാരം വിവിധ ബഹിരാകാശ ഏജന്സികളുടേതായി 2000ത്തോളം സാറ്റലൈറ്റുകളാണ് നിലവില് ഭൂമിയെ വലംവെക്കുന്നത്. സ്പേസ് എക്സിന്റെ വരവോടെ 2025ഓടെ സാറ്റലൈറ്റുകളുടെ എണ്ണത്തില് ആറിരട്ടിയുടെ വര്ധനവാണുണ്ടാവുക.
കൂടുതല് സാറ്റലൈറ്റുകളെന്നത് അധികം ബഹിരാകാശ മാലിന്യത്തിനുള്ള സാധ്യത കൂടിയാണ് കാണിക്കുന്നത്. നിലവില് നിയന്ത്രണമില്ലാത്ത 30000ത്തോളം മനുഷ്യ നിര്മിത വസ്തുക്കള് (കുറഞ്ഞത് 10 സെന്റിമീറ്റര് വലുപ്പമുള്ള) ഭൂമിയെ വലംവെക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. സ്റ്റാര്ലൈറ്റ് ആഗോള ഇന്റര്നെറ്റ് പദ്ധതിയുടെ ആദ്യഘട്ടത്തില് വിക്ഷേപിച്ച സാറ്റലൈറ്റുകള് നേരത്തെ പ്രതീക്ഷിച്ചതിലും തിളക്കത്തില് ബഹിരാകാശത്ത് ദൃശ്യമായിരുന്നു. ഇത് വാനനിരീക്ഷകരുടെ മാത്രമല്ല റേഡിയോ സിഗ്നലുകള് നിരീക്ഷിക്കുന്ന ശാസ്ത്രഞ്ജരുടെയും ആശങ്കക്ക് കാരണമായിട്ടുണ്ട്. ഇത്തരത്തില് വലിയ അളവില് സാറ്റലൈറ്റുകള് ബഹിരാകാശത്തെത്തുന്നതോടെ വിദൂരമേഖലകളില് നിന്നുള്ള റേഡിയോ സിഗ്നലുകളെ ഭൂമിയില് എത്തുന്നതില് നിന്നും തടയുമെന്നാണ് ഇവര് ആരോപിക്കുന്നത്.
ഇത്തരം വിവിധ ആശങ്കകള്ക്കിടയിലും സ്പേസ് എക്സ് സ്വപ്ന പദ്ധതിയുമായി മുന്നോട്ടു തന്നെയാണ്. ഓരോ വിക്ഷേപണത്തിലും ഇത്തരത്തില് ചില സാറ്റലൈറ്റുകള് പ്രവര്ത്തന രഹിതമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഇലോണ് മസ്ക് വ്യക്തമാക്കിയത്. ഓരോ വര്ഷവും 1000-2000 സാറ്റലൈറ്റുകള് വിക്ഷേപിക്കാനാണ് സ്പേസ് എക്സ് പദ്ധതി. 24 വിക്ഷേപണങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാനാകുമെന്നും ഇലോണ് മസ്കും കമ്പനിയും പ്രതീക്ഷിക്കുന്നു. എന്തായാലും സ്വപ്നപദ്ധതി ഉപേക്ഷിക്കാന് മസ്ക് തയ്യാറാവില്ലെന്നു ചുരുക്കം.