ഭുവനേശ്വർ: മൂന്ന് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. പെൺകുട്ടി പ്രതിയുടെ വീട്ടിൽ കളിക്കാനെത്തിയപ്പോഴായിരുന്നു പീഡനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ സന്തോഷ് ഖുന്തിയെ(23) പോലീസ് പിടികൂടി.
പെൺകുട്ടി കളിക്കാനായി എത്തിയപ്പോൾ പ്രതിയുടെ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതി വീട്ടിൽവച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി വീട്ടിൽ തിരികെ എത്താൻ താമസിച്ചതോടെ വീട്ടുകാർ നടത്തിയ തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്. പിന്നാലെ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പ്രത്യേക പോലീസ് സംഘവും സംഭവസ്ഥലത്തെത്തി.
ഒളിവിൽ പോയ പ്രതിയെ വീടിന് സമീപത്തുള്ള പിപ്പിലി പ്രദേശത്ത് നിന്ന് പോലീസ് പിടികൂടുകയായിരുന്നു. പ്രതി പെൺകുട്ടിയുടെ അമ്മയെയും ഭീഷണിപ്പെടുത്തിയതായി കണ്ടെത്തി.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.