ചെറുതോണി: വെള്ളിയാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചേലച്ചുവട് പെരിയാർവാലിയിൽ മൂന്നു പാലങ്ങളും ഒരു ചെക്ക് ഡാമും ഒലിച്ചുപോയി. ആയത്തുപടി, മങ്ങാട്ടുപടി, കല്ലുങ്കൽപടി എന്നിവിടങ്ങളിലുണ്ടായിരുന്ന പാലങ്ങളാണ് ഒലിച്ചുപോയത്.
പ്രദേശവാസികളായ 35 കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടിരിക്കയാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ അട്ടിക്കളം ആറാം വാർഡിൽപെട്ടതാണ് പ്രദേശം. താമസയോഗ്യമല്ലാത്ത പ്രദേശമായതിനാൽ ഇവിടുന്ന് മാറി താമസിക്കണമെന്നാവശ്യപ്പെട്ട് നിരവധി വീട്ടുകാർക്ക് വില്ലേജ് ഓഫീസിൽനിന്നും നോട്ടീസ് ലഭിച്ചിരുന്നു.
എന്നാൽ സർക്കാർ അനുവദിക്കുന്ന തുകയ്ക്ക് സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാലും ഏക്കറുകണക്കിന് കൃഷി ഭൂമി ഉപേക്ഷിച്ചുപോകാനും പലരും തയാറല്ല. മഴ ശക്തമായതോടെ ഇവിടെ താമസിക്കുന്നവരോട് മാറിതാമസിക്കാൻ വില്ലേജ് അധികൃതർ വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. പലരും ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും താമസം മാറിയിട്ടുണ്ട്.
കനത്ത മഴയെതുടർന്ന് പെരുങ്കാല, ഉപ്പുതോട്, 56 കോളനി തുടങ്ങിയ പ്രദേശങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ഈ മേഖലയിലെ ഭൂരിഭാഗം വീടുകളും കുന്നിൻചരിവുകളിലാണ്. ഏതുനിമിഷവും ഉരുൾപൊട്ടലുണ്ടാകാവുന്ന അപകട മേഖലയാണിവിടം.
കഴിഞ്ഞ തവണ കൂട്ടമരണങ്ങളുണ്ടായ പ്രദേശങ്ങളാണ് പെരുങ്കാലയും ഉപ്പുതോടും. തങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും ആവശ്യത്തിന് ക്യാന്പുകൾ തുറക്കണമെന്നും ആവശ്യപ്പെട്ട നാട്ടുകാരോട് ബന്ധുവീടുകളിലേക്ക് പോകാനാണ് അധികൃതരുടെ മറുപടിയുണ്ടായതെന്നും പറയുന്നു. ക്യാന്പുകൾ തുറന്നാൽ ഇവർക്ക് കിടക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം ഒരുക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ ഈ മറുപടിയെന്നും ആക്ഷേപമുണ്ട്.