തൃശൂർ: നഗരം ഭരിക്കുന്ന മേയർക്ക് തൃശൂരിൽ ഒരു ഒൗദ്യോഗിക വസതിയില്ലെന്നു പറഞ്ഞാൽ നഗരവാസികൾക്ക് തന്നെയല്ലേ നാണക്കേട്.
എന്നാൽ പിന്നെ ആഡംഭരത്തിന് ഒട്ടും കുറവു വേണ്ട, നഗരമധ്യത്തിൽ തന്നെ വാടകയ്ക്ക് ഒരു വസതിയെടുക്കാനാണ് നീക്കം.
സ്വന്തമായി എല്ലാവർക്കും കോർപറേഷൻ പരിധിയിൽ തന്നെ വീടുണ്ടെങ്കിലും നഗരമധ്യത്തിൽ മേയർക്ക് ഒരു വസതിയൊരുക്കാനുള്ള നീക്കം ചരിത്രത്തിലാദ്യമാണ്.
അഞ്ചിന് നടക്കുന്ന കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ വസതി സംബന്ധിച്ച വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൗണ്‍സിൽ തീരുമാനിച്ചാൽ കോർപറേഷൻ സെക്രട്ടറിക്കുള്ളതുപോലെ മേയർക്കും നഗരത്തിൽ വസതിയൊരുങ്ങും.
എല്ലാ മാസവും 15000 രൂപ വാടകയും മെയിന്റനൻസിനും ഫർണിച്ചറുകൾക്കും മറ്റുമായി ഒരു ലക്ഷം രൂപയും അനുവദിക്കണമെന്നാണ് അജൻഡയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2021 ഒക്ടോബർ 18ലെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉത്തരവ് കാണിച്ചാണ് വസതിയൊരുക്കാനുള്ള തീരുമാനത്തിനായി കൗണ്‍സിലിൽ വച്ചിരിക്കുന്നത്.
കോർപറേഷൻ തനതു ഫണ്ടിൽ നിന്നും ഇതിനുള്ള പണം കണ്ടെത്താമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലക്ഷങ്ങൾ മുടക്കി മേയറുടെ ചേംബർ നവീകരിച്ചത് ഏറെ വിവാദമായിരുന്നു.
പണം ഇത്തരത്തിൽ ധൂർത്തടിക്കാനുള്ള ഭരണകക്ഷിയുടെ തീരുമാനങ്ങൾക്കെതിരെ വൻ പ്രതിഷേധമാണ് അന്നുയർന്നിരുന്നത്.
ചെലവു ചുരുക്കി കാര്യങ്ങൾ നടത്തണമെന്ന് പറയുന്പോഴും ഒട്ടും കുറയ്ക്കാതെ തന്നെ ആഡംബരമായി തന്നെ കാര്യങ്ങൾ നടത്തണമെന്ന നിലപാടിലാണ് ഭരണകക്ഷി.
ചെലവുചുരുക്കൽ പറയുന്പോഴും ഇത്തരം അനാവശ്യമായ കാര്യങ്ങൾ നടത്താനും പണം മുടക്കാനും ഭരണകക്ഷിയംഗങ്ങൾ കൂട്ടു നിൽക്കുന്നതിനെതിരെ ഇടതു കൗണ്‍സിലർമാർക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസം ഉയർന്നിട്ടുണ്ട്.