ഷാജിമോന്‍ ജോസഫ്
കൊച്ചി: പി.ടി. തോമസ് എംഎല്‍എയുടെ നിര്യാണത്തെത്തുടര്‍ന്ന് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം മാര്‍ച്ചില്‍ നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ മുന്നണികള്‍ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക്.
ഇതുവരെ ആലോചനകളൊന്നും നടത്തിയിട്ടില്ലെന്ന് മുന്നണി നേതാക്കള്‍ പറയുമ്പോഴും സ്ഥാനാര്‍ഥിമോഹികള്‍ ചരടുവലി തുടങ്ങിക്കഴിഞ്ഞു.പ്രാരംഭ ചര്‍ച്ചകള്‍ക്കായി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം അഞ്ചിന് ഡിസിസിയില്‍ ചേരും.
ഇതുവരെ കാര്യമായ ആലോചനകളിലേക്കു കടക്കാതിരുന്ന എല്‍ഡിഎഫിനും ഇനിയങ്ങോട്ട് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ വേഗത്തിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മാര്‍ച്ച് ആദ്യം സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടക്കാനിരിക്കെ.
പി.ടിയുടെ ഭാര്യ മത്സരിക്കുമോ?
പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിക്കാന്‍ സന്നദ്ധയായാല്‍ അവര്‍ക്കു പ്രഥമ പരിഗണന നല്‍കണമെന്ന വികാരം കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകരിലുമുണ്ട്.
ഇത്തരത്തിലുള്ള ഒരു ചിന്തയുടെ സമയമല്ല ഇതെന്ന് അവര്‍ കഴിഞ്ഞദിവസം പറഞ്ഞെങ്കിലും ഒരു ഘട്ടത്തിലും മത്സരിക്കില്ല എന്നു പറഞ്ഞിട്ടില്ല. മറ്റൊരാളെ പരിഗണിക്കേണ്ടിവന്നാല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം ഉണ്ടായേക്കാമെന്നതും ഉമയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.
എന്നാല്‍ കുടുംബ രാഷ്ട്രീയത്തിനെതിരേയും മറ്റും പി.ടി. ഉയര്‍ത്തിയ നിലപാടുകള്‍ക്കു വിരുദ്ധമാകുമോ അത്തരമൊരു നീക്കമെന്ന ആശങ്കയും പാര്‍ട്ടിക്കുള്ളിലെ ചിലരെങ്കിലും പങ്കുവയ്ക്കുന്നുണ്ട്.
സ്വരാജിനു വേണ്ടി ചർച്ചകൾ സജീവം
എല്‍ഡിഎഫില്‍ കഴിഞ്ഞ തവണ സിപിഎം സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ട ഡോ. ജെ. ജേക്കബിനെ വീണ്ടും പരിഗണിച്ചേക്കാമെങ്കിലും മണ്ഡലം പിടിക്കണമെങ്കില്‍ അതിലും ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.
തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ട മുന്‍ എംഎല്‍എ എം. സ്വരാജിനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം സജീവമാണ്.
എന്നാല്‍ തൃക്കാക്കര, തൃപ്പൂണിത്തുറ മണ്ഡലങ്ങളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണമായെന്നു സിപിഎം വിലയിരുത്തുന്ന വിഭാഗീയ പ്രതിസന്ധി ആവര്‍ത്തിക്കുമോയെന്ന ആശങ്ക ഒരുപക്ഷെ സ്വരാജിന് അവസരം നഷ്ടമാക്കിയേക്കാം. കോണ്‍ഗ്രസിനു വലിയ ആധിപത്യമുള്ള മണ്ഡലത്തില്‍ അദ്ദേഹം അങ്കം കുറിക്കാന്‍ തയാറാകുമോയെന്നും കണ്ടറിയണം.
ഭൂരിപക്ഷം കൂട്ടി കോൺഗ്രസ് സ്ഥാനാർഥികൾ
2011ല്‍ മണ്ഡല രൂപീകരണത്തിനുശേഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഭൂരിപക്ഷം കൂട്ടിക്കൊണ്ടുവന്ന ചരിത്രമാണുള്ളത്. കന്നി തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാനും 2016ലും 2021ലും പി.ടി. തോമസുമാണ് വിജയികളായത്.
തൃപ്പൂണിത്തുറ അസംബ്ലി മണ്ഡലത്തിന്റെ കുറേ ഭാഗങ്ങളും കൊച്ചി കോര്‍പറേഷനിലെ 23 വാര്‍ഡുകളും തൃക്കാക്കര മുനിസിപ്പാലിറ്റി പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതാണ് തൃക്കാക്കര മണ്ഡലം. മണ്ഡല രൂപീകരണത്തിനുശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പിലും ജയം കോണ്‍ഗ്രസിനൊപ്പം നിന്നു.
2011-ല്‍ കന്നി തെരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന് സിപിഎമ്മിലെ എം.ഇ. ഹസൈനാരെ അടിയറവു പറയിച്ച് നാട്ടിവച്ച വിജയക്കൊടി 2016ലും 21ലും പി.ടി. തോമസിലൂടെ കോണ്‍ഗ്രസ് പാറിച്ചു. ഓരോ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം ഉയര്‍ന്നുകൊണ്ടിരുന്നു.
കഴിഞ്ഞ തവണ 14,329 വോട്ടിനാണ് പി.ടി. തോമസ് സിപിഎം സ്വതന്ത്രന് ജെ. ജേക്കബിനെ പരാജയപ്പെടുത്തിയത്. പി.ടി.ക്ക് 59,839 വോട്ടും ജെ. ജേക്കബിന് 45,510 വോട്ടും ബിജെപി സ്ഥാനാര്‍ഥി എസ്. സജിക്ക് 15,483 വോട്ടും ലഭിച്ചു. ഡോ. ടെസി തോമസ് 13,897 വോട്ടുമായി മണ്ഡലത്തില്‍ ട്വന്റി-ട്വന്റിയുടെ ശക്തമായ സാന്നിധ്യം അറിയിച്ചെങ്കിലും പി.ടി. തോമസിന്റെ ഭൂരിപക്ഷം 2016ലേതിനെക്കാള്‍ മുകളിലായിരുന്നു.
അതേസമയം മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി വോട്ടുകളില്‍ വന്‍ ഇടിവ് ഉണ്ടായി. 2016ല്‍ പി.ടി. തോമസ് ഡോ. സെബാസ്റ്റ്യന്‍ പോളിനെ മറികടന്നത് 11,996 വോട്ടുകള്‍ക്കാണ്.
വിജയചരിത്രവും പി.ടിയോടുള്ള സഹതാപവും അനുകൂല ഘടകങ്ങളായ മണ്ഡലത്തില്‍ ഇക്കുറി ഭൂരിപക്ഷം ഉയര്‍ത്താനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പി.ടിയുടെ ഭാര്യ ഉമയാണു സ്ഥാനാര്ഥിയെങ്കില് കാല് ലക്ഷത്തിനു മുകളിലുള്ള ഭൂരിപക്ഷവും പാര്‍ട്ടി കണക്കുകൂട്ടുന്നു.
കിഴക്കമ്പലത്തെ അതിഥിത്തൊഴിലാളി പ്രശ്നം പോലുള്ള വിവാദങ്ങളിലൂടെ പ്രതിരോധത്തിലായ ട്വന്റി ട്വന്റി മത്സരിച്ചാല്‍തന്നെ കഴിഞ്ഞ തവണത്തെ അത്ര വോട്ടു പിടിക്കില്ലെന്നാണ് ഇടതു-വലതു മുന്നണികളുടെ വിലയിരുത്തല്‍.