സ്വന്തം ലേഖകന്‍
കോഴിക്കോട്: കൂളിമാട് പാലത്തില്‍ ചവിട്ടി പ്രക്ഷോഭം ശക്തമാക്കാൻ യുഡിഎഫ് ഒരുങ്ങുന്നു.തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെയുളള ഇപ്പോഴത്തെ ആരോപണം കൂളിമാട് പാലം പണിയാണ്.
കോഴിക്കോട് നിര്‍മാണത്തിലിരുന്ന കൂളിമാട് പാലം തകര്‍ന്നത് തൃക്കാക്കരയിലും തെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ് യുഡിഎഫ്.
പാലാരിവട്ടം പാലം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ കൂളിമാട് പാലത്തിന്റെ തകര്‍ച്ച പറഞ്ഞ് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാൻ യുഡിഎഫ് നീക്കം.
പൊതുമരാമത്ത് മന്ത്രിയെ പരിഹസിച്ചുളള പോസ്റ്റുകളിട്ട് നവമാധ്യമങ്ങളിലും പ്രചാരണം കൊഴുക്കുന്നുണ്ട്. പാലാരിവട്ടത്തില്‍ ലീഗ് മന്ത്രിയായിരുന്നു പ്രതിക്കൂട്ടില്‍ എന്നതിനാല്‍ തന്നെ ‘കൂളിമാട് ഉയര്‍ത്താന്‍’ ലീഗ് പ്രവര്‍ത്തകരാണ് മുന്‍പന്തിയില്‍.
ഇന്നലെ കോഴിക്കോട് പിഡബ്ലുഡി ഓഫീസിലേക്കുള്‍പ്പെടെ മാര്‍ച്ച് നടത്തിയ യൂത്ത് ലീഗ് തുടര്‍ന്നും ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്. വിജലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു കഴിഞ്ഞു.
അതേസമയം, നിര്‍മാണത്തിലിരിക്കേ ബീം തകര്‍ന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഇന്ന് പരിശോധന നടത്തുന്നുണ്ട്.
വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ എം.അന്‍സാറിന്റെ നേതൃത്വത്തിലാണ് പരിശോധന. ബീമുകള്‍ തകര്‍ന്ന് വീണതിന്റെ കാരണം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണ് അപകട കാരണം എന്നാണ് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. ഇതും വിജിലന്‍സ് പരിശോധിക്കും.
നിര്‍മാണത്തില്‍ അപാകതയുണ്ടോ എന്നും പാലത്തിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ ക്ഷമതയും പരിശോധിക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡും സംഭവം അന്വേഷിക്കുന്നുണ്ട്.
ചാലിയാറിന് കുറുകെ നിര്‍മിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് പുഴയില്‍ വീണത്. യ
ന്ത്രസഹായത്തോടെ പാലത്തിന്റെ തൂണില്‍ ബീം ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 2019ലാണ് നിര്‍മാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിര്‍മാണം തടസപ്പെട്ടു. 25 കോടിയാണ് നിര്‍മാണ ചെലവ്.