ബിജെപി അട്ടിമറി വിജയം നേടും: എ.എൻ. രാധാകൃഷ്ണൻ
കൊച്ചി: തൃക്കാക്കരയിൽ അട്ടിമറി വിജയമുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ. ഒ. രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എൻഡിഎ അംഗം താനാകുമെന്നും അദേഹം പറഞ്ഞു.
ബിജെപിക്ക് അനുകൂലമായ അടിയൊഴുക്ക് മണ്ഡലത്തിൽ നടക്കുന്നുണ്ട്. ഇടതുപക്ഷം എങ്ങനെ വിജയം പ്രതീക്ഷിക്കാനാണ്? ആകെ 42,000 വോട്ടാണുള്ളത്. മഞ്ഞക്കുറ്റി പാവപ്പെട്ടവന്റെയടുക്കൽ അടിച്ചപ്പോൾ പതിനായിരം വോട്ടു പോയി.
അതാണ് സ്ഥിതി. പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും വാട്ടർലൂ ആകും തൃക്കാക്കര. ഞാൻ അദ്ഭുതം ഉണ്ടാക്കും.- എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.
എൻഡിഎ സ്ഥാനാർഥിയായ എ.എൻ. രാധാകൃഷ്ണന് തൃക്കാക്കര മണ്ഡലത്തിൽ വോട്ടില്ല. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് അദേഹം. അതിനിടെ തൃക്കാക്കരയിലെ ലൊയോള എൽപി സ്കൂളിലെ ബൂത്തിലെത്തിയ സ്ഥാനാർഥിയും പോലീസുമായി തർക്കമുണ്ടായിരുന്നു.
ബൂത്തിന് സമീപത്ത് വച്ച് മാധ്യമങ്ങളെ കണ്ടതാണ് തർക്കത്തിനിടയാക്കിയത്.
ഇടതുമുന്നണി സെഞ്ച്വറിയടിക്കും: ഡോ. ജോ ജോസഫ്
കൊച്ചി: നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്നും പോസിറ്റീവ് പൊളിറ്റിക്സിന് തൃക്കാക്കര വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും എൽഡിഎഫ് സ്ഥാനാർ ഡോ. ജോ ജോസഫ്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഘട്ടത്തിൽ തന്നെ ആത്മ വിശ്വാസമുണ്ടായിരുന്നു.
ചിട്ടയായ പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടത്തിയത്.അവസാന ഘട്ടത്തിലേക്കെത്തിയപ്പോൾ ആത്മ വിശ്വാസം കൂടി. ഇത്തവണ തൃക്കാക്കരയിൽ വിജയിച്ചു കയറി ഇടതുമുന്നണി സെഞ്ച്വറിയടിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
പോളിംഗ് ശതമാനം കൂടുന്നത് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോട്ടകൾ പൊളിഞ്ഞു വീഴും. തൃക്കാക്കരയിലും അത് ഇത്തവണ നടക്കും.
കേരളത്തിന്റെ വികസനക്കുതിപ്പിനൊപ്പം തൃക്കാക്കരയുമെത്തണമെന്നാണ് ജനങ്ങളാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃക്കാക്കര ജനത അംഗീകരിക്കും: ഉമ തോമസ്
കൊച്ചി: തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നുള്ള വിശ്വാസത്തിലാണ് താനെന്ന് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്.
മണ്ഡലത്തിൽ എനിക്ക് വേണ്ടി കൂടെ പ്രവർത്തിച്ചവരാണ് എന്റെ ശക്തിയും ഊർജവും. പി.ടി. തോമസിന് വേണ്ടി കൂടിയാണ് ഞാൻ മത്സര രംഗത്തിറങ്ങിയത്. പോളിംഗ് ദിവസം മഴ മാറി നിൽക്കുന്നതും അനുകൂലമാണെന്നും ഉമ തോമസ് പറഞ്ഞു.