കൊച്ചി: ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പതിനായിരം രൂപ വീതം നൽകിയെന്ന ആരോപണത്തെ തള്ളി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ. പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണിത്. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും അജിത പറഞ്ഞു.
പ്രതിപക്ഷം കാണിക്കുന്നത് കവർ മാത്രമാണ്, അതിൽ പണമില്ല. മറിച്ച് തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. തന്നെ മാനസികമായി തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും അജിത പറഞ്ഞു.
നഗരസഭയില്‍ ഓണക്കോടിയോടൊപ്പം 43 കൗണ്‍സിലര്‍മാര്‍ക്കും ചെയർപേഴ്സൺ പതിനായിരം രൂപ വെറുതെ നല്‍കിയെന്നാണ് ആരോപണം. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ 18 കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയർപേഴ്സന്റെ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതിയും നല്കി.
പ്രതിപക്ഷ വ്യത്യാസമില്ലാതെ 43 കൗണ്‍സിലര്‍മാര്‍ക്കും 15 ഓണക്കോടിയോടൊപ്പം പണം നൽകിയത്. അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്.
നഗരസഭയ്ക്ക് ഇങ്ങനെയൊരു ഫണ്ടില്ലെന്നിരിക്കെ ഈ പണം എവിടെ നിന്നെന്നാണ് അംഗങ്ങളുടെ സംശയം. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൺ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്.