കാക്കനാട്: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ കൗൺസിലർമാർക്ക് പതിനായിരം രൂപ വീതം ഓണ സമ്മാനമായി നൽകിയെന്ന വിവാദം കത്തിപ്പടരുന്നതിനിടെ മുൻ ഭരണ സമിതിക്കെതിരേയും ആരോപണം.
2015ലെ ഇടതുമുന്നണി ഭരണകാലത്ത് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ 43 കൗൺസിലർമാർക്കും 25,000 രൂപ വീതം പാരിതോഷികം നൽകിയെന്നാണ് ആക്ഷേപം. മുൻ ഭരണസമിതിയിൽപ്പെട്ടവർ തന്നെയാണ് അന്ന് പണം നൽകിയ കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
കൊതുകിനെ കൊല്ലാനെന്ന പേരിൽ
വാർഡു തലത്തിൽ കൊതുകു നശീകരണത്തിന് 25,000 രൂപ വീതം കൗൺസിലർമാർക്ക് അനുവദിക്കുന്നതായി ഫയൽ ഉണ്ടാക്കിയാണ് തുക കൈമാറിയതെന്നാണ് അറിയുന്നത്.
ഓരോ കൗൺസിലർമാരുടേയും പേരിൽ ചെക്കായാണ് തുക കൈമാറിയത്. നഗരസഭക്ക് അക്കൗണ്ടുള്ള പ്രമുഖ ബാങ്കിൽനിന്നും 25,000 രൂപവീതം മുഴുവൻ കൗൺസിലർമാരും മാറിയെടുക്കുകയായിരുന്നു.
വാർഡ് തലത്തിൽ നടക്കുന്ന ഏതൊരു പ്രവർത്തിക്കും കരാർ കാർക്കല്ലാതെ പണം നൽകാൻ പാടില്ലെന്ന ചട്ടം മറികടന്നാണ് കൗൺസിലർമാർക്ക് നഗരസഭയുടെ ഫണ്ടിൽ നിന്നും ചെക്കായി തുക കൈമാറിയത്.
ഇത് കൗൺസിലർമാർക്കുള്ള പാരിതോഷികമാണെന്ന ആരോപണം അന്ന് ഉയർന്നെങ്കിലും പിന്നീടത് കെട്ടടങ്ങുകയായിരുന്നു. ഇക്കാര്യവും വിജിലൻസ് അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ഇപ്പോൾ ശക്തമാവുകയാണ്.
2010 ൽ ഒരു ഫ്ളാറ്റ് നിർമാതാവിനെ വഴിവിട്ടു സഹായിച്ചതിന് കോടികൾ ലഭിച്ചതായും അതിൽ പ്രമുഖരായവർ 5 ലക്ഷം വരെ കൈപറ്റിയെന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പണത്തിന്റെ ഉറവിടം അറിയാൻ
ഈ ഓണത്തിന് കൗൺസിലർമാർക്ക് നൽകിയതായി ആരോപിക്കുന്ന പണം നഗരസഭ ഫണ്ടല്ലെന്നതാണ് വ്യക്തമായിട്ടുള്ളത്. പതിനായിരം രൂപ വീതം 43 കൗൺസിലർമാർക്ക് നൽകണമെങ്കിൽ 4,30,000 രൂപ വേണം.
അതിന്റെ ഉറവിടമാണ് അറിയാനുള്ളത്. പണം നൽകിയത് ചെയർപേഴ്സൺ പാടെ നിഷേധിച്ചെങ്കിലും എംഎൽഎ ഓഫീസിൽ കോൺഗ്രസ് കൺസിലർമാരുടെ സാന്നിധ്യത്തിൽ സമ്മതിച്ചതായാണ് പുറത്തുവരുന്ന വിവരം.
ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ പാർട്ടി അവരെ സംരക്ഷിക്കുകയില്ലെന്നും വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നുമാണ് പി.ടി.തോമസ് എംഎൽഎ വ്യക്തമാക്കിയിട്ടുള്ളത്.
ഇടതു മുന്നണി ഇന്ന് മുതൽ നഗരസഭക്കു മുമ്പിൽ പ്രക്ഷോഭങ്ങൾ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.