കൊച്ചി: തൃക്കാക്കരയിലെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കുമെന്നു സൂചന.ഇന്നല്ലെങ്കില്‍ ഏറ്റവും അടുത്ത ദിവസംതന്നെ പ്രാഥമിക റിപ്പോര്‍ട്ട് പൂർത്തിയാക്കാനാണ് അന്വേഷണസംഘം തയാറെടുക്കുന്നത്.
ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പിടിച്ചെടുത്തു പരിശോധിച്ച വിജിലന്‍സ് സംഘത്തിന് മതിയായ തെളിവുകള്‍ ലഭിച്ചെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍.വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ നഗരസഭാ അധ്യക്ഷയുടെ ചേംബറില്‍നിന്നു നിര്‍ണായക തെളിവുകളടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കുകളും കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന.
തങ്ങളുടെ സാന്നിധ്യത്തിലല്ലാതെ നഗരസഭാ അധ്യക്ഷയുടെ മുറി തുറക്കരുതെന്നു വിജിലന്‍സ് അന്വേഷണ സംഘം നഗരസഭാ സെക്രട്ടറിക്കു കര്‍ശന നിര്‍ദേശം നല്‍കിയത് ഇതിന്റെ ഭാഗമായെന്നാണു വിവരം.
നഗരസഭാധ്യക്ഷ അജിത തങ്കപ്പന്റെ ചേംബറിലുള്ള നിരീക്ഷണമോണിറ്റര്, ഹാര്‍ഡ് ഡിസ്ക്, സിപിയു എന്നിവ നിര്‍ണായക തെളിവായതിനാല്‍ ഇവ സുരക്ഷിതമായി വീണ്ടെടുക്കും വരെ മറ്റാരും ചേംബറിനുള്ളില്‍ പ്രവേശിക്കരുതെന്നായിരുന്നു നിര്‍ദേശം.
1994 ലെ മുനിസിപ്പല്‍ ആക്ട് 228 പ്രകാരമുള്ള വിവേചന അധികാരം ഉപയോഗിച്ചു വിജിലന്‍സ് നിര്‍ദേശപ്രകാരം നഗരസഭാ സെക്രട്ടറി എന്‍.കെ. കൃഷ്ണകുമാര്‍ ചെയര്‍പേഴ്സന്റെ ചേംബറിനു പുറത്ത് നോട്ടീസ് പതിക്കുകയും ചെയ്തു.
ഓണസമ്മാനമായി നഗരസഭാ കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്സണ്‍ 10,000 രൂപ വീതം നല്‍കിയെന്ന ആരോപണവുമായി 18 പ്രതിപക്ഷ അംഗങ്ങള്‍ ചേര്‍ന്ന് വിജിലന്‍സില്‍ പരാതി നല്‍കിയതോടെയാണു പണക്കിഴി വിവാദം ചൂടുപിടിച്ചത്.
പ്രതിപക്ഷ ആരോപണം ശരിവയ്ക്കുംവിധം ഭരണകക്ഷിയിലെ രണ്ടു കൗണ്‍സിലര്‍മാരുടെ വെളിപ്പെടുത്തലുമുണ്ട്. ഇവരില്‍ വി.ഡി. സുരേഷ് ദൃശ്യമാധ്യമങ്ങള്‍ക്കു നല്കിയ വെളിപ്പെടുത്തല്‍ വിജിലന്‍സ് സംഘം ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്.
ചാനലുകളില്‍ ഭരണപക്ഷത്തിനെതിരേ രംഗത്ത് വന്ന വി.ഡി. സുരേഷിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു.