കാക്കനാട്: തൃക്കാക്കര നഗരസഭ സെക്രട്ടറിയെ തെറിപ്പിച്ച് മുന്‍ ഭരണസമിതിക്കെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തടയിടാനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി.
നഗരസഭ സെക്രട്ടറി എന്‍.കെ. കൃഷ്ണകുമാറിനെ സ്ഥലം മാറ്റി തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം അഡീഷണല്‍ സെക്രട്ടറിക്ക് നിയമനം നല്‍കാനുള്ള നീക്കമാണ് സംസ്ഥാന അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണല്‍ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്.
ഇതോടെ തൃക്കാക്കര നഗരസഭ സെക്രട്ടറിക്ക് നിലവിലെ സ്ഥാനത്ത് ഒരു മാസംകൂടി തുടരാം. തൃശൂര്‍ കോര്പ്പറേഷന് ഇലക്ടിക്കല്‍ വിഭാഗം അസി. സെക്രട്ടറി വി.വി. ലതീഷ് കുമാറാണ് സ്ഥലം മാറ്റത്തിനെതിരേ ട്രൈബ്യൂണലിനെ സമീപിച്ചത്.
പൊളിഞ്ഞതു പ്രതിപക്ഷനീക്കം
ഓണസമ്മാന വിവാദത്തെ തുടര്‍ന്ന് എല്‍ഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് മുന്‍പ് നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റാനുള്ള പ്രതിപക്ഷ നീക്കമാണ് ഇതോടെ പരാജയപ്പെട്ടത്.
നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റി ഉത്തരവിറക്കിയെങ്കിലും തൃക്കാക്കര നഗരസഭയിലേക്ക് പകരമായി ആരെയും നിയമിച്ചിട്ടില്ല. നഗരസഭ സെക്രട്ടറിയെ തൃശൂര്‍ കോര്‍പറേഷനിലേക്ക് സ്ഥലം മാറ്റിയെന്നായിരുന്നു ഉത്തരവ്.
ഓണസമ്മാന വിവാദം കത്തിനിന്ന സമയത്ത് മുനിസിപ്പല്‍ സെക്രട്ടറിക്ക് നേരേയും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തിരിഞ്ഞിരുന്നു.
ഓഫീസില്‍ കാണുന്നില്ലെന്നും ഭരണ സ്തംഭനം നടക്കുന്നുവെന്നും ആരോപിച്ച് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം നടത്തിയിരുന്നു. സെക്രട്ടറിയുടെ ഓഫീസ് നു മുന്നില്‍ റീത്തു വച്ചായിരുന്നു പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.
സമരം വിവാദമായതോടെ മുന്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് നടന്ന അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറി വിജിലന്‍സിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം.
2015-20 ല്‍ തൃക്കാക്കര നഗരസഭയില്‍ നടന്ന പൊതുമരാമത്ത് പ്രവൃത്തികളുടെ മറവില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായുള്ള ആക്ഷേപം ശരിവയ്ക്കുന്നതായിരുന്നു നഗരസഭാ സെക്രട്ടറിയുടെ നടപടി.
പാപ്പാളി റോഡ് ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യല്‍, നഗരസഭാമന്ദിരത്തിന്റെ നവീകരണം, ഡിവിഷനുകളില്‍ സ്ഥാപിച്ച എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയ മരാമത്ത് ജോലികളില്‍ കോടികളുടെ ക്രമക്കേടുകള്‍ നടന്നതായി തെളിവുകള്‍ സഹിതമാണ് നഗരസഭ സെക്രട്ടറി കെ.കെ. കൃഷ്ണകുമാര്‍ വിജിലന്‍സിന് രണ്ടാഴ്ച മുമ്പ് പരാതി നല്‍കിയത്.