ഷാജിമോൻ ജോസഫ്
കൊച്ചി: നാടിളക്കി പ്രചാരണം നടത്തിയിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത്ര പോളിംഗ് നടക്കാത്തതിൽ മുന്നണികൾക്ക് ആശങ്ക.
വിജയിക്കുമെന്നു മൂന്നു മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും നേതാക്കളുടെ അവകാശവാദങ്ങൾക്കിടയിൽ ആശങ്കയും വായിച്ചെടുക്കാനാകും.
വോട്ടെടുപ്പു ദിനത്തിലെ അനുകൂലമായ കാലാവസ്ഥയിൽ പോലും മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ പോളിംഗാണ് (68.75 ശതമാനം) ഇക്കുറി രേഖപ്പെടുത്തിയത്.
രാഷ്ട്രീയകേരളം കണ്ടതിൽവച്ച് ഏറ്റവും ശക്തമായ പ്രചാരണത്തിന് സാക്ഷ്യംവഹിച്ച ഉപതെരഞ്ഞെടുപ്പ് എന്ന നിലയിൽതന്നെ തൃക്കാക്കരയിൽ റിക്കാർഡ് പോളിംഗായിരുന്നു നേതാക്കളുടേയും സ്ഥാനാർഥികളുടേയും പ്രതീക്ഷ.
ഓരോ വീടും പല തവണ കയറിയിറങ്ങി പഴുതടച്ച പ്രചാരണമാണ് മണ്ഡലത്തിൽ നടന്നത്. എൽഡിഎഫിനെപോലെ തന്നെ യുഡിഎഫും ഇത്തവണ തങ്ങളുടെ പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിൽ ശ്രദ്ധിക്കുകയും ചെയ്തു.
എന്നിട്ടും വോട്ടിംഗ് ശതമാനം കുറഞ്ഞുപോയതിനു പിന്നിലെ കാരണങ്ങൾ ചികയുകയാണ് രാഷ്ട്രീയനേതൃത്വങ്ങൾ.
ജനക്ഷേമസഖ്യം
ട്വന്റി 20യും ആം ആദ്മി പാർട്ടിയും ചേർന്നു രൂപീകരിച്ച ജനക്ഷേമസഖ്യത്തിന്റെ വോട്ടുകളിൽ കാര്യമായ കുറവുണ്ടായതാകാം പോളിംഗ് ശതമാനം കുറയാനുള്ള പ്രധാന കാരണമായി രാഷ്ടീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ട്വന്റി 20 യ്ക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ അവർ ഇക്കുറി സ്ഥാനാർഥിയെ നിർത്തിയില്ലെന്നു മാത്രമല്ല, ഒരു മുന്നണിക്കും പിന്തുണ നല്കാതെ മനസക്ഷി വോട്ടിന് ആഹ്വാനം ചെയ്യുകയായിരുന്നു.
അതിനാൽതന്നെ ഇടതു, വലതു മുന്നണികളോട് തീരെ താല്പര്യമില്ലാത്ത ട്വന്റി 20 യുടെ പ്രവർത്തകർ കാര്യമായി ബൂത്തിലേക്ക് എത്തിയിട്ടുണ്ടാകില്ലെന്ന് പറയപ്പെടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ സ്ഥാനാർഥി ഇവിടെ 10.18 ശതമാനം വോട്ട് നേടിയിരുന്നു.
ഇക്കുറി ആം ആദ്മി പാർട്ടിയുമായി സഖ്യത്തിലായതോടെ അവരുടെ വോട്ടുബാങ്കിൽ സ്വാഭാവികമായും വർധന ഉണ്ടാകേണ്ടതാണ്.
വിവാദങ്ങൾ കൂടിപ്പോയോ
അതുപോലെതന്നെ വികസനവിഷയങ്ങളിൽ ഉപരി വിവാദങ്ങളും വാക്പോരുമായി പ്രചാരണരംഗം കൊഴുപ്പിക്കാൻ നേതാക്കൾ ശ്രമിച്ചതും വോട്ടർമാരിൽ വലിയ തോതിലുള്ള അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
മണ്ഡലത്തിന്റെ ആവശ്യങ്ങളോ പ്രശനങ്ങളോ പ്രചാരണത്തിൽ ചർച്ചയാക്കുന്നതിനുപകരം തുടക്കംമുതൽ വിവാദങ്ങളും വിരോധങ്ങളും വ്യക്തിഹത്യയുമൊക്കെയാണ് മുന്നണികൾ ആയുധമാക്കിയത്.
പോളിംഗ് ദിനത്തിൽ പോലും വിവാദവിഷയങ്ങൾ ഒഴിഞ്ഞുനിന്നില്ല എന്നതും ശ്രദ്ധേയമായി. പ്രമുഖ നേതാക്കൾ പോലും നിലവാരമില്ലാത്തതും തരംതാണതുമായ പ്രസ്താവനകളാണ് പ്രചാരണകാലയളവിൽ നടത്തിയത്.
പ്രചാരണത്തിന്റെ അതിപ്രസരം
പ്രചാരണത്തിന്റെ അതിപ്രസരം തിരിച്ചടിയായോയെന്ന ആശങ്കയും ചില നേതാക്കൾക്ക് ഇല്ലാതില്ല.
മണ്ഡലത്തിലെ വീടുകളിൽ ഓരോ മുന്നണിയിലേയും നേതാക്കളും പ്രവർത്തകരും വോട്ടു തേടി കുറഞ്ഞത് അഞ്ചു തവണയെങ്കിലും കയറിയിറങ്ങി.
ഒരു കൂട്ടർ വന്നു മടങ്ങുന്പോഴേക്കും അടുത്തയാളുകൾ വന്നു കഴിയും. ഗേറ്റ് അടച്ചിടാൻ നിർവാഹമില്ലെന്നു വരെ ഇവിടുത്തെ വോട്ടർമാർ പറയുമായിരുന്നു.
ഇത്തരത്തിൽ വോട്ടർമാരുടെ ക്ഷമയെ പോലും പരീക്ഷിക്കുന്നതായിരുന്നു പ്രചാരണത്തിന്റെ അതിപ്രസരം. ഇതും തിരിച്ചടിയായോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
പോളിംഗ് കുറഞ്ഞതിന്റെ നേട്ടവും കോട്ടവും ആർക്കാണെന്ന ചോദ്യത്തിന് മറ്റന്നാൾ വോട്ടെണ്ണുന്പോൾ മാത്രമേ ഉത്തരമാകൂ. നേതാക്കളുടെ അവകാശവാദങ്ങളുടെ ആയുസും അതുവരെ മാത്രം.