കൊച്ചി: തൃക്കാക്കര മില്ലുപടിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് വില്പനയും ഉപയോഗവും നടത്തിയ സംഭവത്തില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത് വമ്പന്മാരെന്ന് പോലീസ്.
നാലു മാസം മുമ്പ് 20,000 രൂപയ്ക്ക് ജിഹാദ് എന്നയാള്‍ വാടകയ്ക്കെടുത്ത ഫ്ളാറ്റില്‍ ആഡംബര വാഹനങ്ങളില്‍ ആളുകള്‍ വന്നു പോകാറുണ്ടായിരുന്നുവെന്നു പോലീസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റുകള്‍ ഉണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന. സംസ്ഥാനത്തിന് പുറത്തു നിന്നാണ് സംഘത്തിന് മയക്കുമരുന്ന് ലഭിച്ചിരുന്നത്.
പ്രതികള്‍ റിമാന്‍ഡിലാണ്
കൊല്ലം അയത്തില്‍ ആമിനാ മന്‍സിലില്‍ ജിഹാദ് (30), കൊല്ലം വെള്ളിമണ്‍ ഇടവെട്ടം ശൈവത്തില്‍ അനില (29),
നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി എര്‍ലിന്‍ (25) എന്നിവരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി എത്തിയിരുന്ന നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന തൈക്കൂട്ടത്തില്‍ രേവതിയില്‍ രമ്യ (23),
കരുമാലൂര്‍ മനയ്ക്കപ്പടി കലൂരി അര്‍ജിത്ത് (24), ഗുരുവായൂര്‍ തൈക്കാട് മൂക്കത്തേയില്‍ അജ്മല്‍ (24),
നോര്‍ത്ത് പറവൂര്‍ ചിറ്റാറ്റുകര മൂലന് അരുണ്‍ (24) എന്നിവരാണ് തൃക്കാക്കര പോലീസും കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയപരിശോധനയില്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും 2.5 ഗ്രാം എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പും ഹാഷ് ഓയിലും, ഹാഷിഷും പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ റിമാന്‍ഡിലാണ്.
ഇടപാടുകാരെ ഫ്ളാറ്റില്‍ വരുത്തി…
മയക്കുമരുന്നു വില്പനയുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ പിടിക്കപ്പെട്ട കേസിലെ പ്രതികള്‍ക്ക് മയക്കുമരുന്നു നല്‍കിയിരുന്നത് ഒന്നാം പ്രതിയായ ജിഹാദായിരുന്നു.
ഐടി കമ്പനി നടത്തുന്നുവെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് ഇയാള്‍ പലരുമായും ചങ്ങാത്തം സ്ഥാപിക്കുന്നത്. അതിനു ശേഷം ഇടപാടുകാരെ ഫ്ളാറ്റില്‍ വരുത്തി മയക്കുമരുന്ന് വിൽക്കുന്നതായിരുന്നു രീതി.
മറ്റു പല ജില്ലകളിലും ഇയാള്‍ക്ക് വീടും ഫ്ളാറ്റുകളും ഉണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ രമ്യ എന്ന പ്രതി വിദേശത്തു കുടുംബത്തോടൊപ്പം താമസിക്കുന്നയാളാണ്.
ഇവര്‍ വിദേശത്തുനിന്ന് എത്തിയിട്ട് കുറച്ചു ദിവസങ്ങളായി. തൃക്കാക്കരയിലെ ഫ്ളാറ്റില്‍ ജിഹാദിനൊപ്പം താമസിച്ച് മയക്കുമരുന്ന് ഉപയോഗിച്ചുവരികയായിരുന്നു.
ഗുരുവായൂര്‍ തൈക്കാട് മൂക്കത്തേയില്‍ അജ്മല്‍ എന്നയാള്‍ മുമ്പ് ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ മയക്കുമരുന്നു കേസിലെ പ്രതിയാണ്. ഇയാള്‍ ജയിലില്‍നിന്ന് ഇറങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു.
കൊച്ചി സിറ്റി നര്‍ക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ തൃക്കാക്കര എസ്ഐമാരായ എന്‍.ഐ. റഫീക്, വി.വി. വിഷ്ണു, റോയ് കെ. പുന്നൂസ് തുടങ്ങിയവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.