കൊച്ചി: വ്യവസായിയായ തൃക്കാക്കര വാഴക്കാല സൈറ മന്സില് സലി(68)മിനെ വീട്ടില് മരിച്ച നിലയില് കാണപ്പെട്ട സംഭവത്തില് അറസ്റ്റിലായ ദമ്പതികളെ ബിഹാറിലെത്തിച്ച് തെളിവെടുക്കും. ബിഹാര് സ്വദേശികളായ കൗശല് കുമാര് (24), അസ്മിതകുമാരി(23) എന്നിവരെയാണ് കേസില് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
സലിമിന്റെ വീട്ടില്നിന്ന് പ്രതികള് മോഷ്ടിച്ച മൊബൈല് ഫോണ് അടക്കം പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. സലീമിന്റെ വീട്ടിലെ പ്ലംബിംഗ് ജോലികളുംമറ്റും ചെയ്തിരുന്നത് കൗശല്കുമാര് ആയിരുന്നു.
കൂലിത്തര്ക്കത്തെ തുടര്ന്നുള്ള പിടിവലിക്കിടയില് സലിമിനെ നിലത്തേക്ക് തള്ളിയിട്ടതാണെന്ന് കൗശല്കുമാര് പോലീസിന് മൊഴി നല്കിയിരുന്നു. വീഴ്ചയുടെ ആഘാതത്തില് മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തല്. തുടര്ന്ന് സലിമിന്റെ വിരലുകളില്നിന്നും മോതിരങ്ങള് അടക്കം കവര്ന്നു ദമ്പതികള് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
മോഷണമുതലക്കം ഇവിടെ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. സലിമിന്റെ വീട്ടില്നിന്നു മോഷ്ടിച്ച 3500 രൂപയടങ്ങിയ പഴ്സ് മാത്രമാണ് പോലീസിന് കണ്ടെടുക്കാനായത്.
സ്വര്ണ മോതിരം, ചെമ്പുനാണയങ്ങള് എന്നിവയും നഷ്ടപ്പെട്ടിട്ടുള്ളതായാണ് ബന്ധുക്കള് പോലീസിനു നല്കിയ വിവരങ്ങളിലുള്ളത്. പ്രതികളെ കസ്റ്റഡിയില് ചോദ്യംചെയ്യുന്നതിനായ കസ്റ്റഡി അപേക്ഷ ഈ ആഴ്ച പോലീസ് കോടതിയില് നല്കും.