കാക്കനാട്: കോൺഗ്രസിലെ എ-ഐ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് എൽഡിഎഫ് പാളയത്തിലേക്ക് പോയ കോൺഗ്രസ് വിമതർ തിരികെ എത്തിയതോടെ തൃക്കാക്കര നഗരസഭയിൽ ഭരണം നഷ്ടപ്പെടില്ലെന്ന ആശ്വാസത്തിൽ യുഡിഎഫ് ക്യാമ്പ്.
നാല് വിമതന്മാരുടെ പിന്തുണയോടെയാണ് തൃക്കാക്കരയിൽ കഴിഞ്ഞ രണ്ടര വർഷം യുഡിഎഫ് ഭരിച്ചിരുന്നത്. മറ്റൊരു വിമതനായ ഇ.പി. കാദർ കുഞ്ഞുമായി ഇന്നലെ കോൺഗ്രസ് ജില്ലാ നേതൃത്വം ചർച്ച നടത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ ഇരുവരെയും യുഡിഎഫ് പാളയത്തിലെത്തിക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്.
എന്നാൽ എൽഡിഎഫ് ഭരണം പിടിച്ചെടുക്കേണ്ടെന്ന നിലപാടിലാണ്. വിമതർ സിപിഎം നേതൃത്വവുമായി ചർച്ച നടത്തി സ്വമേധയാ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകാൻ തീരുമാനിച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതൃത്വം ഉണ്ടാക്കിയ കരാർ പ്രകാരം നിലവിലെ ചെയർപേഴ്സൻ ഐ ഗ്രൂപ്പിലെ അജിത തങ്കപ്പൻ മാറിയാൽ എ ഗ്രൂപ്പിലെ രാധാമണി പിളളയ്ക്കാണ് തുടർന്നുളള രണ്ടര വർഷം.
എന്നാൽ കോൺഗ്രസ് ഐ ഗ്രൂപ്പും സ്വതന്ത്ര കൗൺസിലർമാരും രാധാമണി പിളളയ്ക്ക് അദ്ധ്യക്ഷ പദവി നൽകുന്നതിനെതിൽ എതിർപ്പ് ശക്തമായിരുന്നു.
രാധാമണി പിളളയ്ക്ക് അധ്യക്ഷ പദവി നൽകുമെന്ന ഘട്ടത്തിൽ സ്വതന്ത്ര കൗൺസിലർമാർമാരായ അബ്ദു ഷന, ഇ.പി. കാദർ കുഞ്ഞ്, ഓമന സാബു, വർഗീസ് പ്ലാശേരി എന്നിവർ യുഡിഎഫിന് നൽകിവന്ന പിന്തുണ പിൻവലിക്കുകയായിരുന്നു.
കോൺഗ്രസ് പാർലിമെന്ററി പാർട്ടി യോഗം ഇന്ന്
തൃക്കാക്കരയിലെ പ്രശ്നം സംബന്ധിച്ച് കോൺഗ്രസ് പാർലിമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. വൈകീട്ട് അഞ്ചുമണിക്കാണ് യോഗം.
ഡിസിസി ഓഫീസിൽ ചേരുന്ന യോഗത്തിൽ തൃക്കാക്കരയിലെ കോൺഗ്രസ് കൗണ്സിലർമാർക്ക് പുറമെ കെ. ബാബു എംഎൽഎ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പി.ഐ. മുഹമ്മദാലി,തുടങ്ങിയവർ പങ്കെടുക്കും.
തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതൃത്വം ഉണ്ടാക്കിയ കരാർ പ്രകാരം രാധാമണി പിളളയ്ക്ക് അദ്ധ്യക്ഷ പദവി നൽകണമെന്ന് കോൺഗ്രസ് എ വിഭാഗം ആവശ്യപ്പെടും.