തൃക്കരിപ്പൂർ: സ്വാതന്ത്ര്യം നേടും മുമ്പ് പ്രവർത്തനമാരംഭിച്ച ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ സേവനങ്ങൾ നൽകാൻ സൗകര്യങ്ങളില്ലാതെ വലയുന്നു. 1946 ൽ കാരോളം കേന്ദ്രീകരിച്ചു പ്രവർത്തനം തുടങ്ങിയ ബീരിച്ചേരിയിലെ പോസ്റ്റ് ഓഫീസിനാണ് ഈ ഗതി. 1985 മുതൽ ബീരിച്ചേരിയിലെ ഹുദാ മസ്ജിദിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തനം മാറ്റിയ ശേഷം വയറിംഗ് ജോലികൾ പൂർത്തിയാക്കിയെങ്കിലും വൈദ്യുതി കണക്ഷൻ ഇന്നും ലഭിച്ചിട്ടില്ല.
അടുത്ത കാലത്തായി ടെലിഫോൺ കണക്ഷനും വിച്ഛേദിച്ചു. 600 ഓളം സേവിംഗ്സ് അക്കൗണ്ടുള്ള ഇവിടെ ശേഖരിക്കുന്ന തുക ഇളമ്പച്ചി സബ് പോസ്റ്റ് ഓഫീസിൽ വൈകുന്നേരം കൊണ്ടടക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഉണ്ടായിരുന്ന റെക്കറിംഗ് ഡെപ്പോസിറ്റ് ഏജന്റിനെയും ഇളമ്പച്ചിയിലേക്ക് മാറ്റി. നേരത്തെ ബുക്കിൽ ചേർത്ത് ഇടപാടുകൾ നടത്തി സ്ലിപ് നൽകുകയായിരുന്നു പതിവ്.
എന്നാൽ കഴിഞ്ഞ വർഷം മുതൽ പ്രത്യേക സോഫ്റ്റ് വേയറുള്ള ടാബ് മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദേശത്തിൽ ടാബ് ഇവിടെയും നൽകി. 2018 ഡിസംബർ മുതൽ ഇത് പണിമുടക്കി. പിന്നീട് ഇടപാടുകൾ നടത്താനാവാതെ കഴിഞ്ഞ മൂന്ന് മാസമായി നാട്ടുകാർ വലയുകയാണ്.
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, മണി ഓർഡർ, സേവിംഗ്സ് ബാങ്ക് ഇടപാടുകളൊന്നും നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. രാവിലെ 9.15 മുതൽ ഉച്ചക്ക് 1.15 വരെ നാട്ടുകാരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റിയിരുന്ന പോസ്റ്റ് ഓഫീസ് പ്രവർത്തനം ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന സംശയം നാട്ടുകാർക്കുണ്ട്.
ഈ നീക്കത്തിനെതിരെ മുസ്ലീം യൂത്ത് ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഫായിസ് ബീരിച്ചേരി, ജനറൽ സെക്രട്ടറി വി.പി.പി. ഷുഹൈബ് എന്നിവർ കാസർഗോഡ് പോസ്റ്റൽ സൂപ്രണ്ടിന് പരാതി നൽകി. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുന്നില്ലെങ്കിൽ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ സമരം നടത്താൻ യൂത്ത് ലീഗ് തീരുമാനിച്ചിട്ടുണ്ട്.