തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ വീഴ്ത്തുന്ന തരത്തിലുണ്ടായ തണൽ മരത്തിന്റെ കൂറ്റൻ വേര് അധികൃതർ മുറിച്ചു നീക്കാൻ നടപടി തുടങ്ങി. തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷന്റെ കിഴക്ക് ഭാഗത്തെ പ്ലാറ്റ്ഫോമിലാണ് ട്രെയിൻ വരുമ്പോൾ അൽപം അശ്രദ്ധയുണ്ടായാൽ യാത്രക്കാരുടെ ജീവൻ വരെ കവർന്നെടുക്കുന്ന തരത്തിൽ കൂറ്റൻ വേര് സ്ലാബുകൾ ഇളക്കി ഉയർന്നു നിൽക്കുന്ന നിലയിൽ ഉണ്ടായത്.
നൂറുകണക്കിന് യാത്രക്കാർ ട്രെയിനിനായി രാവിലെയും വൈകുന്നേരവും വരുകയും പോകുകയും ചെയ്യുന്ന തൃക്കരിപ്പൂർ സ്റ്റേഷനിൽ ഈ അപകടക്കെണി ‘രാഷ്ട്രദീപിക’ ചിത്രം സഹിതം അധികൃതരുടെ മുമ്പാകെ കൊണ്ടുവന്നിരുന്നു. ട്രെയിൻ എത്തുമ്പോൾ പ്ലാറ്റ്ഫോമിലൂടെ മുന്നോട്ട് നോക്കി നടന്നാൽ ട്രെയിനിനിടയിലൂടെ പാളത്തിലേക്ക് വീഴുമെന്ന അവസ്ഥയിലായിരുന്നു ഇവിടെ തണൽ മരത്തിന്റെ വേര്.
ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് വൻ ദുരന്തം വഴി മാറിയിരുന്നത്. മംഗളൂരു വർക്ക്സ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പയ്യന്നൂർ സെക്ഷന് കീഴിലെ കരാറുകാരാണ് കൂറ്റൻ തണൽ മരം മുറിച്ചുമാറ്റുന്നതിന് നടപടി തുടങ്ങിയിട്ടുള്ളത്. വേര് രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും മുറിച്ചു നീക്കും.