തൃക്കരിപ്പൂർ: മേൽക്കൂരയോ പാർക്ക് ചെയ്യാൻ സൗകര്യമോ ഏർപ്പെടുത്താതെ റെയിൽവേ അധികൃതർ പാർക്കിംഗിന്റെ പേരിൽ പിടിച്ചുപറി നടത്തുന്നു. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിലാണ് എങ്ങും കാണാത്ത പാർക്കിംഗ് ഫീസ് ഈടാക്കൽ. റെയിൽവേ സ്റ്റേഷന് പിന്നിലെ കാട് പിടിച്ച ഭാഗത്ത് പാർക്ക് ചെയ്ത കാറുകൾക്കും ഇരുചക്ര വാഹങ്ങൾക്കുമാണ് ഇന്നലെ മുതൽ ഫീസ് ഈടാക്കാൻ തുടങ്ങിയത്.
പാമ്പുൾപ്പെടെയുള്ള ഇഴജന്തുക്കൾ വിഹരിക്കുന്ന റെയിൽവേ സ്റ്റേഷന്റെ പഴയ കെട്ടിടത്തിന് പിന്നിൽ നിരവധി ഇരുചക്ര വാഹനങ്ങളും കാറുകളും പാർക്ക് ചെയ്യാറുണ്ട്. കൂടുതൽ വാഹനങ്ങൾ എത്തിയാൽ റെയിൽവേയുടെ ജീവനക്കാർക്ക് പണിത റെസ്റ്റ് റൂം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വാഹനം നിർത്തിയിട്ട് കണ്ണൂരിലേക്കും കാസർഗോഡിന്റെ വിവിധ മേഖലകളിലേക്കും അധ്യാപകരും ജീവനക്കാരും അതോടൊപ്പം മംഗളൂരുവിലേക്ക് ആശുപത്രികളിൽ ചികിത്സ തേടി പോകുന്നവരുമുണ്ട്.
എന്നാൽ കാട് നീക്കി വെയിലും മഴയുമേൽക്കാത്ത രീതിയിൽ പാർക്കിംഗിന് സൗകര്യമൊരുക്കിയില്ലെന്നു മാത്രമല്ല മണിക്കൂർ നിരക്കിൽ ഫീസും വാങ്ങിത്തുടങ്ങി. ട്രെയിൻ യാത്രക്കാരുടെ വിവിധ സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി ഇറങ്ങിയിട്ടുമുണ്ട്.
രാത്രിയും രാവിലെയും മലബാർ എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകളും മറ്റു സമയങ്ങളിൽ കോയമ്പത്തൂർ ഫാസ്റ്റ്, തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് എന്നിവയ്ക്കും സ്റ്റോപ്പുള്ള തൃക്കരിപ്പൂർ സ്റ്റേഷനെ നൂറുകണക്കിന് യാത്രക്കാരാണ് ആശ്രയിക്കുന്നത്.
തൃക്കരിപ്പൂർ ടൗൺ ഭാഗത്ത് ജനങ്ങളുടെ സഹകരണത്തോടെ തൃക്കരിപ്പൂർ റോട്ടറി ക്ലബ് പാർക്കിംഗ് ഏരിയ നിർമിച്ചു സൗകര്യമൊരുക്കിയെങ്കിലും ഇവിടെ മേൽക്കൂരയില്ല. വാഹനങ്ങൾക്ക് മുകളിൽ മരങ്ങൾ വീണുള്ള അപകടങ്ങൾ ഒഴിവാക്കാൻ നടപടി ഇനിയുമായിട്ടില്ല. മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റുമ്പോൾ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി എത്തുമെന്ന ആശങ്കയിലാണ് മേൽക്കൂര നിർമാണം നടക്കാത്തതെന്നാണ് അധികൃതർ നൽകുന്ന വിവരം.
ഇരുചക്ര വാഹമങ്ങൾക്ക് മിനിമം പത്തു രൂപയും കാറുകൾക്ക് 20 രൂപയുമാണ് പാർക്കിംഗ് നിരക്ക്. വിവിധ യാത്രക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ യാത്രക്കാർ ഇന്നു മുതൽ ഫീസ് നൽകാതെ പ്രതിഷേധിക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്.