തൃക്കൊടിത്താനം: സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളിയിലെ മോഷണം സംബന്ധിച്ച അന്വേഷണം ഊർജിതമാകുന്നു. പള്ളിക്കു സമീപത്തുള്ള സഹകരണബാങ്ക്, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ സിസിടിവി കാമറകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
രണ്ടുബൈക്കുകളിലായി എത്തിയ രണ്ടുപേർ പള്ളിക്കു സമീപത്തെ ഗേറ്റിനു സമീപം ബൈക്കുകൾ വയ്ക്കുന്നതായും ഒരു മണിക്കൂറിനുശേഷം ബൈക്കുകൾ തിരികെ എടുക്കുന്നതായുമുള്ള ദൃശ്യങ്ങൾ ലഭിച്ചതായാണ് സൂചന. ഇവർ വ്യാഴാഴ്ച രാത്രി 1.30ന് എത്തിയതായും ദൃശ്യങ്ങളിലുണ്ട്.
കാമറ ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് പള്ളി ഓഫീസ് കുത്തിത്തുറന്ന് മോഷണം നടന്നത്. കോട്ടയം ജില്ലാ പോലീസ്മേധാവി ഹരിശങ്കർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇന്നലെ വൈകുന്നേരം ഡിവൈഎസ്പി എൻ.രാജൻ അന്വേഷണ പുരോഗതി വിലയിരുത്തി.
തൃക്കൊടിത്താനം എസ്എച്ച്ഒ വി.പി.ജോയി, എസ്ഐ ഷെമീർ, ആന്റി ഗുണ്ടാസ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് ഗ്രൂപ്പായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. വിരലടയാള വിദഗ്ധരുടെ പരിശോധനയിൽനിന്നു ലഭിച്ച മുപ്പതോളം അടയാളങ്ങൾ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.