ആലപ്പുഴ: അന്വേഷണത്തിനെത്തിയ വീട്ടിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരന് അറസ്റ്റില്‍. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുധീഷാണ് അറസ്റ്റിലായത്. ആലപ്പുഴ വലിയഴിക്കലാണ് പോലീസുകാരന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഈ മാസം മുന്നാം തീയതിയാണ് അന്വേഷണത്തിന്റെ പേരില്‍ വീട്ടിലെത്തിയ പോലീസുകാരന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അറസ്റ്റിലായ പോലീസുകാരനെതിരേ നേരത്തെയും സമാനമായ പരാതികളുണ്ടായിട്ടുണ്ടെന്നാണ് വിവരം. പലരും ഭയംമൂലം പരാതി നല്കാന് തയാറായിരുന്നില്ലെന്നുമാത്രം.
പീഡനത്തെക്കുറിച്ച് പരാതി നല്‍കിയെങ്കിലും പോലീസ് നടപടി എടുക്കാന്‍ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. തുടര്‍ന്ന് ഐ.ജി ശ്രീലേഖയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയത് പുരുഷ പോലീസുകാരാണെന്നും ആക്ഷേപമുണ്ട്. തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ മറ്റൊരു പോലീസുകാരനായ ശ്യാം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയുടെ അയല്‍വാസി ഉള്‍പ്പെട്ട ഒരു കേസ് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. അയല്‍വാസിയായ പ്രതിയുടെ ചിത്രം അയച്ചു തരണമെന്ന് ആവശ്യപ്പെട്ട് പോലീസുകാരന് പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങി. തുടര്‍ന്ന് വാട്സ്ആപ്പില്‍ ഫോട്ടോ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഫോട്ടോ അയച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങാന്‍ ശ്രമിക്കവെ പെണ്‍കുട്ടിയുടെ കൈപിടിച്ച് കട്ടിലിലേക്ക് വലിച്ചു കൊണ്ടു പോയ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി കുതറി മാറി ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന അയല്‍ക്കാര്‍ വിവരം അറിഞ്ഞതോടെ പോലീസുകാരന് സ്ഥലം വിട്ടു.