പിലാത്തറ(കണ്ണൂർ): തൃക്കുറ്റ്യേരി ക്ഷേത്രത്തില്‍ നിന്ന് കവര്‍ച്ച ചെയ്ത ഭണ്ഡാരവും സിസിടിവി ഉപകരണങ്ങളും കവര്‍ച്ചക്കായി ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാരയും ക്ഷേത്രക്കിണറ്റില്നിന്നും കണ്ടെടുത്തു.
പയ്യന്നൂര്‍ ഫയര്‍ഫോഴ്സിലെ സേനാംഗങ്ങളാണ് പോലീസിന്റെ സാന്നിധ്യത്തില്‍ ഇന്നലെ വൈകുന്നേരം ക്ഷേത്രക്കിണറ്റില്‍ നിന്നും ഇവ മുങ്ങിയെടുത്തത്.
കളവുപോയ നിരീക്ഷണ കാമറയുടെ മോണിറ്റര്‍, ഡിവിആര്‍, സ്റ്റീല്‍ ഭണ്ഡാരം എന്നിവയും മോഷ്ടാക്കള്‍ കവര്‍ച്ചക്കായി ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പിപ്പാരയുമാണ് ക്ഷേത്രത്തിന് പിന്നിലെ ഉപയോഗശൂന്യമായ കിണറില്‍ നിന്ന് ഫയര്‍ഫോഴ്സ് കണ്ടെടുത്തത്.
ഈ മാസം ഒന്‍പതിന് പുലര്‍ച്ചെയായിരുന്നു ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. സംഭവ സ്ഥലത്ത് നിന്നും നാലു വിരലടയാളങ്ങള്‍ വിരലടയാള വിദഗ്ദര്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ലഭിച്ചിരുന്നു.
ഇതില്‍ ചിലത് ക്ഷേത്ര ജീവനക്കാരുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേപ്പറ്റിയുള്ള കൂടുതല്‍ പരിശോധനകള്‍ നടന്നുവരുന്നതിനിടയിലാണ് ക്ഷേത്രത്തില്‍നിന്നും കവര്‍ച്ച ചെയ്തവയില് ചിലത് കിണറ്റില്‍ നിന്നും കണ്ടുകിട്ടിയത്.
വേലിക്കെട്ടിനകത്തുള്ള കാടുകള്‍ പടര്‍ന്നുകയറിയ കിണറിന്റെ പടിയില്‍ നിരീക്ഷണ കാമറയുടെ ഡിവിആര്‍ തടഞ്ഞുനില്ക്കുകയായിരുന്നു.
ഇതോടെ ഉടലെടുത്ത സംശയമാണ് കിണര്‍ പരിശോധിക്കാനിടയാക്കിയത്.പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും കവര്‍ച്ചക്ക് പിന്നിലുള്ളവര്‍ പോലീസിന്റെ വലയിലാണുള്ളതെന്നും സൂചനയുണ്ട്.