സ്വന്തം ലേഖകന്‍
തൃശൂര്‍: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂരില്‍ ട്രെയിന്‍ തടഞ്ഞ് 198 യാത്രക്കാരെ ഐസൊലേഷൻ സെന്ററിലേക്കു മാറ്റി.
അസമില്‍ നിന്നും കന്യാകുമാരിയിലേക്ക് പോയിരുന്ന ദിബ്രുഗഡ്- കന്യാകുമാരി വിവേക് എക്സ്പ്രസ് ട്രെയിനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പും പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തൃശൂരില്‍ നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചത്.
ട്രെയിനിലുണ്ടായിരുന്ന 198 യാത്രക്കാരെ നിരീക്ഷണത്തിനായി മുളങ്കുന്നത്തുകാവ് കിലയിയിൽ ഒരുക്കിയ ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റി. അഞ്ചുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാക്കി.
ഇന്നു പുലര്‍ച്ചെ വരെ നീണ്ട ട്രെയിനൊഴിപ്പിക്കല് നടപടിയില്‍ വനിതപോലീസുകാരടക്കം ഒട്ടേറെ പോലീസുകാരും പങ്കാളികളായി. കോയമ്പത്തൂരിലും പാലക്കാട്ടും ആളുകളെ ഇറക്കിയിരുന്നു. തൃശൂരില്‍ വെച്ച് ട്രെയിന്‍ പൂര്‍ണമായും ഒഴിപ്പിക്കുകയായിരുന്നു.
തൃശൂരിലിറങ്ങേണ്ടവരും പിന്നീടങ്ങോട്ടുള്ള സ്റ്റേഷനുകളില്‍ ഇറങ്ങേണ്ടവരും ട്രെയിനിലുണ്ടായിരുന്നു. പോലീസിന്റെ മൂന്ന് വലിയ വണ്ടികളും മൂന്ന് കെഎസ്ആര്‍ടിസി ബസുകളും ആരോഗ്യവകുപ്പിന്റെ ആറ് ആംബുലന്‍സുകളും യാത്രക്കാരെ കൊണ്ടുപോകാനായി ഉണ്ടായിരുന്നു. കെഎസ്ആര്‍ടിസി ബസ് രണ്ടു ട്രിപ്പടിച്ചാണ് യാത്രക്കാരെ കിലയിലെത്തിച്ചത്.
ട്രെയിന്‍ വന്നയുടന്‍ ആരോഗ്യവകുപ്പ് അധികൃതരും പോലീസും എല്ലാ കംപാര്‍ട്ടുമെന്റുകളിലും കയറി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ഉറങ്ങുകയായിരുന്ന യാത്രക്കാരെ ഉണര്‍ത്തി വിവരം പറഞ്ഞ് അവരെയും പുറത്തിറക്കി. തുടര്‍ന്ന് പ്രധാന കവാടത്തിനരികില്വച്ച് ഓരോരുത്തരുടേയും പേരും വിലാസവും വിശദാശങ്ങളും രേഖപ്പെടുത്തി അവരുടെ ശരീരോഷ്മാവ് പരിശോധിച്ചു.
സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. ഇന്നു പുലര്‍ച്ചെ 1.30നാണ് ട്രെയിന്‍ തൃശൂരിലെത്തിയത്. പുലര്‍ച്ചെ അഞ്ചിനാണ് ട്രെയിനൊഴിപ്പിക്കലും ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റുന്നതുമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായത്.
അന്യസംസ്ഥാന തൊഴിലാളികളും ട്രെയിനിലുണ്ടായിരുന്നു. ജില്ല കളക്ടര്‍ എസ്. ഷാനവാസ്, ഡിഎംഒ ഡോ.കെ.ജെ. റീന, സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യ എന്നിവര്‍ മുഴുവന്‍ സമയവും തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നു.
രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതിനു മുന്‍പ് യാത്ര ആരംഭിച്ചതാണ് വിവേക് എക്സ്പ്രസ്. ഇന്ത്യയിലെ ഏറ്റവും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. 80 മണിക്കൂറുകള്‍ കൊണ്ട് 4,218.6 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഈ ട്രെയിനിന് 56 സ്റ്റോപ്പുകളാണ് എട്ടു സംസ്ഥാനങ്ങളിലായി ഉള്ളത്.
കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയ പശ്ചാത്തലത്തില്‍ കേരളത്തിലെത്തുന്ന അവസാനത്തെ പാസഞ്ചര്‍ ട്രെയിന്‍ കൂടിയായിരുന്നു വിവേക് എക്സ്പ്രസ്.