തൃപ്പൂണിത്തുറ: ഗർത്തങ്ങൾ നിറഞ്ഞ് തൃപ്പുണിത്തുറ നഗരത്തിലെ പ്രധാന റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. അറ്റകുറ്റ പണികൾ ചെയ്തെങ്കിലും ദിവസങ്ങൾക്കുള്ളിൽ റോഡിൽ വീണ്ടും കുഴികൾ രൂപപ്പെടുകയാണ്. തൃപ്പൂണിത്തുറ നഗരത്തിലേക്ക് വാഹനങ്ങൾ തിരിയുന്ന എസ്എൻ ജംഗ്ഷനിലെ കുഴികളും പേട്ട പാലത്തിൽ അടുത്ത കാലത്തായി രൂപപ്പെട്ട വലിയ കുഴികളും കാരണം ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളുകയാണ്.
കൊച്ചി മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് കൊച്ചിൻ റിഫൈനറിയിൽ നിന്നും എറണാകുളം വാർഫിലേക്ക് പോകുന്ന എണ്ണക്കുഴൽ കണ്ടെത്തുന്നതിനായി പേട്ട പാലത്തിന്റെ കിഴക്ക് ഭാഗം മുതൽ എസ്എൻ ജംഗ്ഷൻ-മിൽമ വരെയുള്ള റോഡിൽ പല സ്ഥലങ്ങളിലായി ജെസിബി കൊണ്ട് കുഴികൾ എടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ ഭാഗത്തെ കുഴികൾ ശരിയായ രീതിയിൽ മൂടാതെ കിടന്നതിനാൽ മഴക്കാലം ആരംഭിച്ചതോടെ കുഴികളുടെ വലിപ്പവും കൂടി.
ഓരോ ദിവസവും ഈ റോഡിൽ കൂടി ശരാശരി 40 ടൺ ഭാരം കയറ്റിയ ആയിരക്കണക്കിന് ടോറസുകളാണ് കടന്നുപോകുന്നത്. മറ്റ് വാഹനങ്ങൾ വേറെയും. ഈ വാഹനങ്ങൾ കുഴിയിൽ വീഴുമ്പോൾ കെആർഎൽ റോഡിന്റെ ഇരുവശവും താമസിക്കുന്നവരുടെ വീടുകൾ കുലുങ്ങുകയും ചുമരുകൾക്ക് വിള്ളർ സംഭവിക്കുന്നതായും പ്രദേശത്തുള്ളവർ പരാതിപ്പെടുന്നു.
കൊച്ചിൽ റിഫൈനറി കെആർഎൽ റോഡിൽ ഏകദേശം പതിനഞ്ചോളം ഇലട്രിക്ക് പോസ്റ്റുകളിൽ സോഡിയം വേപ്പർ ലാബുകൾ സ്ഥാപിച്ചിരുന്നതാണ്. എന്നാൽ റിഫൈനറിയുടെ തന്നെ വികസനത്തിനും മറ്റുമായി കൂറ്റൻ ടാങ്കറുകളടക്കം തടസം കൂടാതെ കൊണ്ടുപോകുന്നതിനായി ഈ സോഡിയം വേപ്പർ ലാബുകൾ അഴിച്ചു മാറ്റിയ ശേഷം പിന്നീട് പുനസ്ഥാപിച്ചിട്ടില്ല.
രാത്രി കാലങ്ങളിൽ ഈ ഭാഗത്തെ കുഴികളിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നത് നിത്യ സംഭവമായി മാറുന്നു. ഈ വിഷയത്തിൽ എത്രയും വേഗം ശാശ്വത പരിഹാരം കാണണെമെന്ന് പ്രദേശവാസികളും റസിഡൻസ് അസോസിയേഷനുകളും ആവശ്യപ്പെടുന്നു.
പേട്ട പാലത്തിന്റെ ഇരു വശത്തേയും റോഡിന്റെ വീതി കുറവും ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നതിന് ഇടയാക്കുന്നു. റോഡിന്റെ ശോചനീയാവസ്ഥ കൂടി ആയപ്പോൾ ഇത് ഇരട്ടി ദുരിതമായി. കൂടാതെ തൃപ്പൂണിത്തുറ പൂത്തോട്ട റോഡിൽ പുതിയകാവ് മുതൽ പെരും തൃക്കോവിൽ ക്ഷേത്രം വരെയുള്ള ഭാഗങ്ങളിൽ കുഴിയില്ലാത്ത ഒരു പ്രദേശം പോലുമില്ല. ഈ റോഡിലൂടെ നിത്യേനേ നിരവധി ഇരുചക്ര യാത്രികർ ജീവൻ പണയം വച്ചാണ് സഞ്ചരിക്കുന്നത്.