തൃപ്പൂണിത്തുറ: ചൂരക്കാട്ടെ ശക്തമായ പൊട്ടിത്തെറിയിൽ നിരവധി വീടുകൾക്കാണ് ഗുരുതരമായ തകരാറുകൾ സംഭവിച്ചിട്ടുള്ളത്. 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലും 40 വീടുകള്‍ക്ക് ഭാഗീകമായും നാശനഷ്ടമുണ്ടായിട്ടുണ്ട്.
എല്ലാം പഴയപടിയാകാൻ കോടികൾ ചെലവ് വരും. സ്ഫോടനത്തിന്റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്.
അമ്പലകമ്മറ്റിക്കാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് നഗരസഭാ കൗണ്‍സിലര്‍മാരടക്കം തറപ്പിച്ച് പറയുന്നു. വെടിക്കെട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടമുണ്ട്.
പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണ് താനും.
മെഡിക്കൽ പരിശോധന
തൃപ്പൂണിത്തുറ: സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആളുകളുടെ മാനസികാരോഗ്യം പരിശോധിക്കാൻ ഇന്ന് ചൂരക്കാട് ക്യാമ്പിൽ സൈക്കോളജിസ്റ്റ്, സൈക്കാട്രിസ്റ്റ് ഉൾപ്പെടെയുള്ളവരുടെ വിദഗ്ധ സേവനം തൃപ്പൂണിത്തുറനഗരസഭ ലഭ്യമാക്കിയിട്ടുണ്ട്.
5 വയസിൽ താഴെയുള്ള കുട്ടികൾക്കും കേൾവിക്ക് പ്രശ്നമുണ്ടായവർക്കും പ്രത്യേക ശ്രവണ പരിശോധന തുടർച്ചയായി നടത്തുന്നുണ്ട്. കൂടാതെ ജൂനിയർ ഹെൽത്ത് ഇൻസ്പെപെക്ടർ, ജൂനിയർ ഹെൽത്ത് നഴ്സ്, എംഎൽഎസ്പി നഴ്സ്, ആശ വർക്കർ, വൊളന്റിയർ എന്നിവരുൾപ്പെടുന്ന സംഘങ്ങൾ ചൂരക്കാട് ഭാഗത്തെ 28, 29, 31 വാർഡുകളിൽ രാവിലെ മുതൽ ഭവന സന്ദർശനം നടത്തുന്നുണ്ട്.
കേൾവി സംബന്ധമായ പ്രശ്നങ്ങൾ പരിശോധിക്കാൻ ഓഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള മെഡിക്കൽ വിദഗധരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.
നാലുപേർ അറസ്റ്റിൽ
തൃപ്പൂണിത്തുറ: ചൂരക്കാട് അനധികൃതമായി സ്ഫോടന വസ്തുക്കൾ ശേഖരിച്ച കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിനിടെ രണ്ടു പേർ മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റ് ചെയ്ത നാലു പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാറുകാരന്റെ തൊഴിലാളികളായ വിനീത്, വിനോദ് എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരേ എക്പ്ലോസീവ് ആക്ട്, മന:പ്പൂർവ്വമല്ലാത്ത നരഹത്യക്കുറ്റം എന്നിവയാണ് ചുമത്തിയിട്ടുള്ളത്.
സ്ഫോടക വസ്തുക്കൾ തിരുവനന്തപുരത്തുനിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. അതിനിടെ, കരാറുകാർക്കെതിരേ പോത്തൻകോട് പോലീസും കേസെടുത്തു. അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതിനാണ് കേസെടുത്തത്.
ആദർശിന്റെ സഹോദരൻ അഖിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കരാറുകാരൻ ആദർശിന്റെ സഹോദരന്റെ പേരിൽ വാടകക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കൾ ശേഖരിച്ചത്.