കൊച്ചി: ശബരമല ദർശനം നടത്താതെ മടങ്ങുന്നതു പ്രതിഷേധക്കാരെ ഭയന്നല്ലെന്നും ഈ മണ്ഡലകാലം അവസാനിക്കുന്നതിനു മുൻപുതന്നെ വീണ്ടും വരുമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങാൻ കഴിയാതെ മടങ്ങിപ്പോകാനുള്ള തീരുമാനം മാധ്യമങ്ങളെ അറിയിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണു ശബരിമല ദർശനത്തിനെത്തിയത്. വിമാനത്താവളത്തിനു പുറത്തെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ക്രമസമാധന പ്രശ്നം പോലീസ് ചൂണ്ടിക്കാട്ടി. ഇക്കാര്യം ബോധ്യപ്പെട്ടതുകൊണ്ടാണു തൽക്കാലം മടങ്ങാമെന്നു തീരുമാനിച്ചത്. ഇവിടെ ക്രമസമാധാനം തകർക്കാൻ ആഗ്രഹിക്കുന്നില്ല. പകൽ മുഴുവനും വിമാനത്താവളത്തിൽനിന്നു പുറത്തുകടക്കാനുള്ള ശ്രമങ്ങൾ നടത്തി. തന്നെ കൊണ്ടുപോകാൻ ടാക്സിക്കാരാരും സന്നദ്ധമായില്ല.
ഹോട്ടലുകൾ താമസ സൗകര്യവും നിഷേധിച്ചു. പ്രതിഷേധക്കാർ ഗുണ്ടകളെപ്പോലെയാണു പെരുമാറിയത്. തന്നെ നോക്കി അസഭ്യം വിളിക്കുകയും കൂകിവിളിക്കുകയുമൊക്കെ ഉണ്ടായി. എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയ ശേഷം മുൻകൂട്ടി അറിയിക്കാതെ താൻ വീണ്ടും വരുമെന്നും തൃപ്തി ദേശായി പറഞ്ഞു.