നെടുന്പാശേരി: വളരെ അസാധാരണവും സംഘർഷഭരിതവുമായ സംഭവങ്ങൾക്കാണ് അതീവ സുരക്ഷാമേഖലയായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ സാക്ഷ്യം വഹിച്ചത്. ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും തടയാനെത്തിയ പ്രതിഷേധക്കാരുടെ നാമജപങ്ങൾക്കുമുന്നിൽ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫും പോലീസുമൊക്കെ നിഷ്ക്രിയരായി.
തൃപ്തിയും സംഘവും വന്നിറങ്ങിയതു മുതൽ രാത്രി ഇവർ മടങ്ങുന്നതുവരെ നാമജപ പ്രാർഥനകളും അയ്യപ്പമന്ത്രങ്ങളുമായി ശബ്ദമുഖരിതമായിരുന്നു വിമാനത്താവളം. ആഭ്യന്തര ടെർമിനലിന്റെ ആഗമനകവാടത്തിനു മുന്നിലാണു നൂറുകണക്കിനു പ്രതിഷേധക്കാർ തടിച്ചുകൂടിയത്. എയർപോട്ടിന്റെ എല്ലാ വാതിലുകളിലും പ്രതിഷേധക്കാർ തന്പടിച്ചു. ഒരുകാരണവശാലും സംഘത്തെ പുറത്തിറക്കില്ലെന്ന വാശിയിലായിരുന്നു പ്രതിഷേധക്കാർ. തൃപ്തിദേശായി വാതിനരികിലെത്തുന്ന സമയത്തൊക്കെ പ്രതിഷേധക്കാർ അവരെ കൂക്കുവിളിച്ചു.
ശബരിമല കയറാൻ യുവതിസംഘം എത്തുന്നതറിഞ്ഞു പുലർച്ചെ മൂന്നിനുതന്നെ പ്രതിഷേധക്കാർ ടെർമിനലിനു മുന്നിൽ തന്പടിച്ചിരുന്നു. ആദ്യം 50 പേരിൽ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീടിവരുടെ എണ്ണം കൂടി. പത്തു മണിയായതോടെ ആയിരത്തിലേറെ ആളുകളെത്തി. ഇവർക്കു നിർദേശങ്ങൾ നൽകാനും ആവേശം പകരാനും ബിജെപിയുടെയും ഹന്ദു ഐക്യവേദിയുടെയും നേതാക്കളും എത്തിയിരുന്നു.
ചെറിയ പ്രതിഷേധത്തിനു പോലും അനുമതിയില്ലാത്ത വിമാനത്താവളത്തിലേക്കു പ്രതിഷേധക്കാർ കൂട്ടമായി എത്തിയത് തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ പോലീസിന്റെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടായില്ല. ഒരുഘട്ടത്തിൽ നിയന്ത്രണം പൂർണമായും പോലീസിന്റെയും വിമാനത്താവള സുരക്ഷാ ഏജൻസിയുടെയും കൈയിൽനിന്നു വിട്ടുപോയി. പ്രതിഷേധത്തിനു മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നിൽക്കുകയായിരുന്നു.
പ്രതിഷേധം വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചതോടെ അധികൃതർക്ക് ഇടപെടേണ്ടിവന്നു. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി രവീന്ദ്രനാഥിനെ രണ്ടുഘട്ടമായി സിയാൽ എംഡി മുറിയിലേക്കു വിളിച്ചുവരുത്തി സ്ഥിതിഗതികൾ ആരാഞ്ഞു. പ്രതിഷേധം ഈ നിലയ്ക്കു മുന്നോട്ടു പോയാൽ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഇവരെ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആദ്യ കൂടിക്കാഴ്ചയിൽ സിയാൽ എംഡി ആവശ്യപ്പെട്ടു.
ഇക്കാര്യം പ്രതിഷേധക്കാരോടു പറഞ്ഞെങ്കിലും തൃപ്തി ദേശായി മടങ്ങാതെ തങ്ങൾ തിരികെപ്പോകില്ലെന്ന് അവർ പറഞ്ഞു. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ യാത്രക്കാർക്കു ടെർമിനലിലേക്കു പ്രവേശിക്കുന്നതിനും പുറത്തേക്കിറങ്ങുന്നതിനും തടസം നേരിട്ടു. ഇതോടെ ഡിവൈഎസ്പിയെ എംഡി വീണ്ടും ബന്ധപ്പെട്ടു പ്രതിഷേധക്കാരെ നീക്കണമെന്നു കർശന നിർദേശം നൽകി.
എന്നിട്ടും പ്രതിഷേധക്കാരെ മാറ്റുന്നതിനുള്ള നടപടികൾ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ബലംപ്രയോഗിച്ചു നീക്കുകയാണെങ്കിൽ കൈക്കരുത്തിൽ പോലീസിനെയും നേരിടുമെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. അങ്ങനെയൊരു സ്ഥിതിയുണ്ടായാൽ കേരളം സ്തംഭിപ്പിക്കുമെന്നു നേതാക്കളും പറഞ്ഞു. പ്രശ്നം വഷളാകാതിരിക്കാൻ പോലീസ് സംയമനം പാലിച്ചു പിൻവലിയുകയായിരുന്നു.
ബിജെപി നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, ബി. ഗോപാലകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, ഹിന്ദു ഐക്യവേദിയുടെ ആർ.വി. ബാബു, കെ.പി. ഹരിദാസ്, ശബരിമല കർമസമിതിയുടെ ജനറൽ കണ്വീനർ കെ.ആർ. രമേശ് എന്നിവർ രാവിലെ മുതൽ പ്രതിഷേധക്കാർക്കിടയിലുണ്ടായിരുന്നു.