തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര സെപ്റ്റംബർ രണ്ടിന് നടക്കും. സെപ്റ്റംബർ ഒന്നിന് വൈകിട്ട് ഹിൽ പാലസിൽ കൊച്ചി രാജകുടുംബാംഗം എസ്. അനുജൻ തമ്പുരാനിൽ നിന്നും അത്തപതാക ചെയർപേഴ്സൺ ചന്ദ്രികാ ദേവി ഏറ്റുവാങ്ങും. തുടർന്നു ഘോഷയാത്രയോടെ അത്തംനഗറിൽ എത്തിക്കും. പിന്നീട് ഏഴ് മുതൽ 11 വരെ തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ കഥകളി അരങ്ങേറും.
26ന് തിങ്കളാഴ്ച മുതൽ തന്നെ കലാപരിപാടികൾക്ക് ആരംഭം കുറിക്കും.സംഘം കലാ ഗ്രൂപ്പിന്റെ 101 പേർ പങ്കെടുക്കുന്ന അത്തച്ചമയ ഗാനോത്സവം. 27 ന് വൈകിട്ട് 6.30ന് കൗൺസിലർമാരും ജീവനക്കാരും ചേർന്ന് അവതരിപ്പിക്കുന്ന തിരുവാതിര- കരോക്കെ ഗാനമേള, 28ന് 5.30 മുതൽ മീനാക്ഷി നായരുടെ കുച്ചുപ്പുടി, 29, 30 തീയതികളിൽ കഥാപ്രസംഗം, 31 ന് ഗാനമേള എന്നിവ നടക്കും.
സെപ്റ്റംബർ രണ്ടിനാണ് രാവിലെ ഒമ്പതിന് അത്തം നഗറായ ഗവ.ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ മന്ത്രി എ.കെ. ബാലൻ അത്തം ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. എം.സ്വരാജ് എംഎൽഎ അധ്യക്ഷത വഹിക്കും. തുടർന്നാണ് അത്തം ഘോഷയാത്ര നടക്കുക.
നെറ്റിപ്പട്ടം കെട്ടിയ ആനകൾ, പഞ്ചവാദ്യം, ചെണ്ടമേളം, തെയ്യം, കാവടിയാട്ടം, പുലികളി, കാളകളി, അമ്മൻകൊടം, അർജുന നൃത്തം, പരിചമുട്ടുകളി, ബാൻഡ് മേളം, നാടൻകല്യാ രൂപങ്ങൾ പ്രചരണ വേഷം അലങ്കരിച്ച ലോറികളിൽ നിശ്ചല ദൃശ്യങ്ങൾ എന്നിവ അണിനിരക്കുന്ന വർട്ടപ്പകിട്ടായ അത്തം ഘോഷയാത്ര നഗരം ചുറ്റി അത്തം നഗറിൽ എത്തിച്ചേരും. രാവിലെ 10 മുതൽ സിയോൺ ഓഡിറ്റോറിയത്തിൽ അത്തപ്പൂക്കള മത്സരം നടക്കും.
മൂന്ന് മുതൽ പൂക്കള പ്രദർശനം ആരംഭിക്കും. കഴിഞ്ഞ വർഷം പ്രളയദുരിതത്തെത്തുടർന്ന് അത്തം ഘോഷയാത്രയും കലാപരിപാടികളും നടന്നില്ല.വൈകിട്ട് ആറിന് ലായം കൂത്തമ്പലത്തിൽ വച്ച് കലാസന്ധ്യയുടെ ഉദ്ഘാടനം എം – സ്വരാജ് എംഎൽഎ നിർവഹിക്കും. തുടർന്ന് ആദർശ് സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ നടക്കും. മൂന്നിന് രാത്രി ഏഴിന് തിരുവനന്തപുരം സൗപർണികയുടെ നാടകം.
നാലിന് തൃശൂർ തൃത്താഞ്ജലിയുടെ രാധാമാധവം, സൂരജ് മാധവന്റെ മെഗാഷോ എന്നിവയും ഉണ്ടായിരിക്കും. അഞ്ചിനു വൈകിട്ട് ധനു അജിത്തിന്റെ മോഹിനിയാട്ടം, രാജീവ് പുലവർ നയിക്കുന്ന തോൽപാവക്കൂത്ത്. ആറിന് ശ്രുതിലയയുടെ ഗാനമേള. ഏഴിന് രാമായണം കേരളനടനം, കൊല്ലം അനശ്വരയുടെ നാടകം. എട്ടിന് 5.30 മുതൽ സമ്മാന ദാനം തുടർന്ന് തൃപ്പൂണിത്തുറ ക്യഷ്ണദാസ് നയിക്കുന്ന ഇടയ്ക്ക നാദലയം ഒമ്പതിന് രാത്രി ഏഴിന് സുമേഷ് ചന്ദ്രൻ നയിക്കുന്ന മെഗാഷോ 10 ന് രാവിലെ അത്തം പതാക കൈമാറ്റം നടക്കും. 11ന് ടി.വി. രാജു നയിക്കുന്ന ഗാനസല്ലാപവും അരങ്ങേറും.