കൊച്ചി: കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു.
നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് കോടതി നിർദേശം. മാര്‍ഗനിര്‍ദേശങ്ങൾ ലംഘിച്ച് ആന എഴുന്നള്ളിപ്പ് നടത്തിയതിലാണ് നടപടി. നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കാതിരിക്കാൻ മനഃപൂർവമായ ശ്രമമുണ്ടായെന്ന് കരുതേണ്ടി വരുമെന്ന് കോടതി പറഞ്ഞു.
ദേവസ്വം ഓഫീസർ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയ ഹൈക്കോടതി പുതിയ സത്യവാങ്മൂലം നൽകണമെന്ന് ആവശ്യപ്പെട്ടു. ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ദേവസ്വം ഓഫീസര്‍ക്ക് സാമാന്യബുദ്ധിയില്ലെയെന്നും ചോദിച്ചു. ദേവസ്വം ഓഫീസര്‍ രഘുരാമനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു. അതേസമയം, മാനദണ്ഡങ്ങൾ ലംഘിച്ച് ആനകളെ എഴുന്നള്ളിച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു.